ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിൽജലനിരപ്പ്140.5 അടിയായി വർധിച്ചു. ഇടുക്കി അണക്കെട്ടിൽജലനിരപ്പിൽ കാര്യമായ മാറ്റമില്ല. ഇടുക്കിയിൽ 2399.16 അടിയുമാണ് നിലവിലെജലനിരപ്പ്. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ 12 മണിക്കൂറിലധികമായി ജലനിരപ്പിൽ മാറ്റമില്ലാതെ തുടരുകയാണ്. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം. ഒഴുകിയെത്തുന്ന ജലം രണ്ട് അണക്കെട്ടുകളിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
മുല്ലപ്പെരിയാറിൽ 141 അടിയാണ് അപ്പർ റൂൾകർവ്. നിലവിൽ ഇവിടെ ഒഴുകിയെത്തുന്ന ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 2300 ഘന അടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 141 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകളിലൂടെതുറന്നുവിടുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കഴിഞ്ഞ 12 മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഡാമിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കേണ്ടതില്ല. മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ മാത്രമേ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം പുറത്തേക്ക് ഒഴുക്കാൻ ഇടുക്കിയിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടതുള്ളൂ. നിലവിൽ സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം ഒഴുക്കിക്കളയുന്നുണ്ട്. വൈദ്യുതി നിർമാണത്തിനായും ജലം ഉപയോഗിക്കുന്നുണ്ട്. ഇതും ജലനിരപ്പ് ഉയരാത്തതിന് കാരണമാണ്.
Content Highlights: water level at idukki and mullaperiyar dams remaining constant