ന്യൂഡൽഹി
യുപി ലഖിംപുർ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന് കര്‍ഷകരെ വണ്ടികയറ്റികൊന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘം (എസ്ഐടി) അഴിച്ചുപണിയണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. നിലവിൽ ലഖിംപുർ -ഖേരി മേഖലയിലെ എസ്ഐ ഗ്രേഡിലുള്ളവരാണ് സംഘത്തിലുള്ളത്. യുപി സ്വദേശികളല്ലാത്ത യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥരെ എസ്ഐടിയിൽ ഉൾപ്പെടുത്തണം.പേരുകൾ നിർദേശിക്കാൻ യുപി സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് കോടതി നിർദേശിച്ചു.
കേസിൽ അന്വേഷണമേൽനോട്ടം വഹിക്കാനുള്ള ഹൈക്കോടതി റിട്ട. ജഡ്ജിയുടെ പേര് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ച അവസരത്തിൽ അന്വേഷണമേൽനോട്ടത്തിന് ഹൈക്കോടതി റിട്ട. ജഡ്ജിയെ നിയമിക്കാമെന്ന സുപ്രീംകോടതി ശുപാർശയോട് യുപി സർക്കാരിനും യോജിപ്പാണെന്ന് ഹരീഷ് സാൽവെ അറിയിച്ചു. പഞ്ചാബ്–- ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് ജെയിൻ വേണോ മറ്റേതെങ്കിലും ജഡ്ജി വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരുദിവസം വേണമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. അന്വേഷണമേൽനോട്ടം ഏറ്റെടുക്കാൻ തയ്യാറാണോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജഡ്ജിയുമായി ചർച്ച ചെയ്യണം. ബുധനാഴ്ച ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും–- ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. കേസിൽ അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്നും മുഖ്യപ്രതിയേ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു.