പിടിയിലായ നസറുൽ ഇസ്ലാം
കണ്ണൂർ: കണ്ണൂർ വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പി.കെ. ആയിഷ എന്ന സ്ത്രീയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ അസമിൽ വെച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് കണ്ണൂർ പൊലീസ് സാഹസികമായി പിടികൂടിയത്.
നസറുൽ ഇസ്ലാമിനെ പൊലീസ് സംഘം കണ്ണൂരിലെത്തിച്ചു. കേസിലെ രണ്ടാം പ്രതിയാണ് നസറുൽ ഇസ്ലാം. നേരത്തെ പിടിയിലായ ഒന്നാം പ്രതി മഹിബുൾ ഇസ്ലാമിന്റെ കൂട്ടാളിയാണ് നസറുൽ. മഹബുളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബംഗ്ലാദേശ് അതിർത്തിയിൽ ഒളിവിൽ കഴിയവെയാണ് നസറുൽ പിടിയിലായത്.
സിആർപിഎഫ് സംഘത്തിന്റെ സഹായത്തോടെ അതിസാഹസികമായാണ് പ്രതിയെ കണ്ണൂരിലെ പൊലീസ് സംഘം പിടികൂടിയത്. ചക്കരക്കൽ അഡീഷണൽ എസ്.ഐ അനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത് വി., നാസർ സി.പി., വിജിനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ സപ്റ്റംബർ 23 നാണ് മോഷണത്തിനിടെ അയിഷക്ക് ഗുരുതരമായി പരിക്കേറ്റത്. 29-ന് ചികിൽസയിലിരിക്കേയാണ് ആയിഷ മരിച്ചത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികൾ അകത്ത് വെള്ളം ലഭിക്കുന്നതിനുള്ള ടാപ്പ് അടച്ചു. വെള്ളത്തിനായി ആയിഷയെ വീടിനു പുറത്തിറങ്ങിയപ്പോൾ പ്രതികൾ ആക്രമിച്ചു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷണസംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
Content Highlights:accused in the murder case of a woman during an attempted robbery has been arrested in Assam