കൊച്ചി: കൊച്ചിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളിൽ നിർത്തിയിട്ട കാറുകൾ ഉൾപ്പെടെ പതിമൂന്നോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഈ വാഹനങ്ങളിൽ ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കൊച്ചി ഫൈൻ ആർട്സ് ഹാളിന് സമീപമാണ് അപകടം.
ഫോർട്ട് കൊച്ചയിൽ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനുപിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു.
സംഭവത്തിൽ പതിമൂന്നോളം വാഹനങ്ങൾക്ക് വലിയതോതിലുള്ള കേടുപാടുണ്ടായി. മുൻഭാഗവും വശങ്ങളും പൂർണമായി തകർന്ന കാറുകളും ഇതിലുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ബസിന്റെ ബ്രേക്ക് പെഡൽ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെനിന്നു ബസിന്റെ വരവ് കണ്ട് ആളുകൾ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികൾ പറയുന്നു.
content highlights:bus accident, 13 vehicles collided one after another