പത്തനംതിട്ട > മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമല ക്ഷേത്രനട തിങ്കളാഴ്ച തുറക്കും. കനത്ത മഴയുള്ളതിനാല്‍ തീര്‍ഥാടകരുടെ വരവ് അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് നിയന്ത്രിക്കും. സ്പോട്ട് ബുക്കിങ്ങും കുറച്ചുദിവസത്തേക്ക് നിർത്തും. പമ്പയില്‍ ജലനിരപ്പ് ഉയർന്നതിനാല്‍ പമ്പയിലെ കുളിയും അനുവദിക്കില്ല. ഒരുദിവസം പരമാവധി മുപ്പതിനായിരം പേരെ ദർശനത്തിന് അനുവദിക്കാനായിരുന്നു നേരത്തെ തീരുമാനം. തിങ്കളാഴ്ച പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങാണ് പ്രധാനം. ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ എൻ പരമേശ്വരൻ നമ്പൂതിരിയും ശംഭു നമ്പൂതിരിയും സ്ഥാനമേൽക്കും.
16 മുതൽ ഡിസംബർ 24 വരെയാണ് മണ്ഡല പൂജ മഹോത്സവം. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ 2022 ജനുവരി 20 വരെയും. തിങ്കളാഴ്ച മറ്റ് പൂജയില്ല. ചൊവ്വാഴ്ച മുതൽ തീർഥാടകരെ മലകയറാൻ അനുവദിക്കും. പ്രതികൂല കാലാവസ്ഥയിലും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളെല്ലാം എല്ലാ വകുപ്പുകളും ചേർന്ന് ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽവരെ മാത്രമേ പ്രവേശനമുള്ളൂ. നിലയ്ക്കലിൽ നിന്നും കെഎസ്ആർടിസി പമ്പയിലേക്ക് ചെയിൻ സർവീസ് ഏർപ്പെടുത്തി.