തിരുവനന്തപുരം > സഹകരണമേഖലയുടെ നിലനിൽപ്പും അതിജീവനവും ഉദാവൽക്കരണ ആഗോളവൽക്കരണ നയങ്ങളുടെ വക്താക്കളെ അസഹിഷ്ണുക്കളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയകാലത്തെ വലിയ ജനകീയ ബദലിനെ ഇല്ലാതാക്കാൻ നടത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ കേന്ദ്ര നിയമത്തിലും കാണുന്നുണ്ട്. അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സഹകരണമേഖലയിലെ ഫെഡറൽതത്വങ്ങളെ ലംഘിക്കുംവിധം കൈയടക്കാൻ കേന്ദ്രം ശ്രമിക്കുന്നു. യുക്തിരഹിതമായ നിയമങ്ങളിലൂടെ സഹകരണ സ്ഥാപനങ്ങളെയും സംഘങ്ങളെയും വരിഞ്ഞുമുറുക്കുന്നു. ഡെമോക്ലീസിന്റെ വാൾപോലെ ആദായനികുതി നിയമവകുപ്പുകൾ സഹകരണമേഖലയുടെ തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുന്നു. നിക്ഷേപങ്ങൾക്കും വായ്പയ്ക്കും ആർബിഐ എതിർപ്പുയർത്തുന്നില്ല. എതിർപ്പില്ലെന്നു പറയുന്ന കാര്യങ്ങളും നടപ്പാക്കാനും പറ്റുന്നില്ല. ആറര പതിറ്റാണ്ടായി ഉപയോഗിക്കുന്ന ബാങ്ക് എന്ന പേരിനുപോലും നിയന്ത്രണം ഏർപ്പെടുത്തുന്നു.
ലളിതരീതിയിൽ ആരംഭിച്ച സഹകരണമേഖല ഇന്ന് സമ്പദ് മേഖലയിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കോവിഡിൽ ബാങ്കിങ് പ്രശ്നങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇടപെടാൻ കഴിഞ്ഞു. വീട്ടുപടിക്കൽവരെ സേവനങ്ങളെത്തിച്ചു. ക്ഷേമപെൻഷനുകളെത്തിച്ചു നൽകി. പ്രളയത്തിലും മഹാമാരിയിലും നിരവധി പദ്ധതികൾ സഹകരണമേഖല ഏറ്റെടുത്തു. സഹകരണമേഖല കഴിഞ്ഞ കുറച്ചുകാലമായി ആക്രമണങ്ങൾ നേരിടുന്നു. നോട്ട് നിരോധനത്തെതുടർന്ന് അപവാദ പ്രചാരണമുണ്ടായി. ആർബിഐ ലൈസൻസ് ഉണ്ടായിട്ടും ജില്ലാ സഹകരണ ബാങ്കുകൾക്ക് നോട്ടുകൾ മാറിനൽകാൻ അനുമതി നൽകിയില്ല. എല്ലാത്തരം ആക്രമണങ്ങളെയും നേരിട്ടാണ് സഹകരണമേഖല മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.