തിരുവനന്തപുരം > അതിതീവ്ര മഴയെ തുടർന്ന് അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് അതീവ ജാഗ്രത. തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ എല്ലാ ജില്ലകളിലും റെഡ് അലെർട്ടിന് സമാന കരുതൽ പാലിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാലു സംഘംകൂടി തിങ്കൾ രാവിലെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ രണ്ടു ടീം കണ്ണൂർ, വയനാട് ജില്ലകളിലേക്കും ആവശ്യമെങ്കിൽ എത്തും.
എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂം 24 മണിക്കൂറും സജ്ജമാണ്. ക്യാമ്പിൽ പരാതി ഇല്ലാതെ ശ്രദ്ധിക്കാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ജനപ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യം ശ്രദ്ധിക്കണം. ശുചിത്വം, ഭക്ഷണം, രോഗപരിശോധന എന്നിവ ഉറപ്പുവരുത്തണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റണം. അടിയന്തര സാഹചര്യം നേരിടാൻ പൊലീസും ഫയർ ഫോഴ്സും സജ്ജമാണ്. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം കലക്ടർമാർക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
4 മരണം
ദുരിതം വിതച്ച അതിതീവ്ര മഴയിൽ ഞായറാഴ്ച സംസ്ഥാനത്ത് നാല് മരണം. തിരുവനന്തപുരത്ത് രണ്ടുപേരും തൃശൂരും എറണാകുളത്തും ഓരോരുത്തരുമാണ് മരിച്ചത്.
തൃശൂർ വേളൂക്കര പട്ടേപ്പാടത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടേപ്പാടം എസ്എൻഡിപി ബ്ലോക്ക് ജങ്ഷൻ റോഡിൽ ആനയ്ക്കതോട്ടിനടുത്ത് അലങ്കാരത്ത്പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും മകൻ ആരോം ഹെവനാണ് ഒഴുക്കിൽപ്പെട്ടത്. എറണാകുളത്ത് മണ്ണിടിഞ്ഞ് ലോറിഡ്രൈവർ മരിച്ചു. നെയ്യാറ്റിൻകര മരിയാപുരം ഉദിയൻകുളങ്ങര പനവിള മേലെപുത്തൻവീട്ടിൽ എൻ തങ്കരാജനാണ് (66) മരിച്ചത്.
തിരുവനന്തപുരം പാറശാല പരശുവക്കൽ ജങ്ഷന് സമീപം അടയ്ക്കപറിക്കാൻ കയറവേ കവുങ്ങ് കടപുഴകി വീണ് മധ്യവയസ്കൻ മരിച്ചു. മൂവോട്ടുകോണം തച്ചറക്കാവിളയിൽ താമസക്കാരനായിരുന്ന ജയരാജ് ( 49) ആണ് മരിച്ചത്. നെയ്യാറിൽ ഒഴുക്കിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കീഴേകണക്കോട്ടു വീട്ടിൽ ലളിതാ ഭായി (75)യാണ് മരിച്ചത്. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കൂടുതൽ ട്രെയിൻ റദ്ദാക്കി. സംസ്ഥാനത്താകെ 66 ദുരിതാശ്വാസക്യാമ്പിലായി 1974 പേരെ മാറ്റി. 3071 ക്യാമ്പ് സജ്ജമാക്കി. 382 വീട് പൂർണമായും 2205 വീട് ഭാഗികമായും തകർന്നു. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂം 24 മണിക്കൂറും സജ്ജമാണ്.
രംഗത്തിറങ്ങുക: സിപിഐ എം
ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ അടിയന്തര സന്നദ്ധപ്രവർത്തനത്തിന് മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. പലയിടത്തും സ്ഥിതി രൂക്ഷമാണ്. എല്ലാ സഹായത്തിനും പാർടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.