തിരുവനന്തപുരം > ബജറ്റിനു പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ സംവിധാനമല്ല കിഫ്ബിയെന്നും സിഎജിയുടെ 2020ലെ ഓഡിറ്റ് റിപ്പോർട്ടിൽ വായ്പകളെക്കുറിച്ചുള്ള പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി. അന്യുറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന തനത് സാമ്പത്തിക സംവിധാനമാണ് കിഫ്ബി. ബജറ്റ് പ്രസംഗങ്ങളിലുള്ള 70,000 കോടിയോളം രൂപയുടെ പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാർ കിഫ്ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് കാലക്രമേണ വളരുന്ന അന്വിറ്റി (ഗ്രോവിങ് അന്വിറ്റി) പെയ്മെന്റായി കിഫ്ബിക്ക് മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ് തുകയും നൽകുമെന്നും ഉറപ്പ് നൽകുന്നു.
ശക്തമായ വരുമാന സ്രോതസ്സാണ് കിഫ്ബിയുടേത്. 25 ശതമാനം പദ്ധതികളും വരുമാനദായകമാണ്. വൈദ്യുതി ബോർഡ്, കെ ഫോൺ, വ്യവസായ ഭൂമി തുടങ്ങിയവയ്ക്ക് നൽകുന്ന വായ്പ മുതലും പലിശയും ചേർന്ന് കിഫ്ബിയിൽ തിരിച്ചെത്തുന്നുണ്ട്. ഇവ ചേർത്താൽ കിഫ്ബി ഒരിക്കലും കടക്കെണിയിലാകില്ല. 2019–-20 വരെ കിഫ്ബി 5036.61 കോടി രൂപ കടമെടുക്കുകയും 353.21 കോടി രൂപ പലിശയിനത്തിൽ അടച്ചുതീർത്തിട്ടുമുണ്ട്. ഈ കാലയളവിൽ സംസ്ഥാന സർക്കാർ 5572.85 കോടി രൂപ കിഫ്ബിക്ക് നൽകിട്ടുമുണ്ട്. പദ്ധതി ഏറ്റെടുക്കുമ്പോൾ ബാധ്യതകൾ കൃത്യമായി കണക്കാക്കാൻ ‘അസെറ്റ് ലയബിലിറ്റി മാനേജ്മെന്റ് സോഫ്റ്റ് വെയർ’ വികസിപ്പിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാം. അസറ്റ് ലയബിലിറ്റി മാച്ചിങ് (എഎൽഎം) മോഡൽ നടത്താൻ കഴിയുന്ന സോഫ്റ്റ് വെയർ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ പ്രവർത്തനം. അതിനാൽ, സംസ്ഥാനത്തിന് ബാധ്യതയാകില്ല.
കേന്ദ്രത്തിലും കിഫ്ബി മോഡൽ ഇടപാട്
സിഎജി റിപ്പോർട്ടിലുള്ള കാലയളവിൽ കേന്ദ്ര സർക്കാരും അന്യുറ്റി മാതൃകയിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുണ്ട്. 76,435.45 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി അനുവർത്തിക്കുന്ന രീതിയിൽ അന്യുറ്റി മാതൃകയിൽ ഫണ്ട് ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. ആ സമയത്തുതന്നെ 41,292.67 കോടിയിലേറെ രൂപയുടെ അന്യുറ്റി ബാധ്യത കേന്ദ്രസർക്കാരിന് നിലനിൽക്കുന്നുണ്ട്.