കോഴിക്കോട് > മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ വീണ്ടും താരമായി എം ജെ ജേക്കബ്. മുൻ പിറവം എംഎൽഎ കൂടിയാണ്. എൺപതുകാരനായ എം ജെ ജേക്കബ് സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വർണം നേടി. മെഡിക്കൽ കോളേജ് റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ ലോങ് ജമ്പിലും 80, 200 മീറ്റർ ഹർഡിൽസിലുമാണ് ഒന്നാമതെത്തിയത്. 1963 ൽ കേരളത്തിലെ അന്നത്തെ ഏക സർവകലാശാലയായ കേരള യൂണിവേഴ്സിറ്റിയുടെ ചാമ്പ്യൻഷിപ്പ് നേടിയതോടെയാണ് കായിക ലോകത്തെ മിന്നും പ്രകടനങ്ങളുടെ തുടക്കം. അന്ന് 400 മീറ്റർ ഹാർഡിൽസിൽ റെക്കോഡ് വിജയംനേടി.
ഏഷ്യ, ചൈന, ജപ്പാൻ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നടന്ന മാസ്റ്റേഴ്സ് ഏഷ്യൻ മീറ്റിലും ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നടന്ന ലോകമീറ്റിലും സ്വർണം നേടി. പൊതുപ്രവർത്തകനായും ജേക്കബ് തിളങ്ങി. 2006 ൽ പിറവം മണ്ഡലത്തിൽ നിന്ന് സിപിഐ എം സ്ഥാനാർഥിയായി മന്ത്രി ടി എം ജേക്കബ്ബിനെ അട്ടിമറിച്ച് എംഎൽഎയായി. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. രണ്ടുതവണയും മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടി. എംഎ, എൽഎൽബി ബിരുദധാരിയാണ്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് തന്റെ കരുത്തെന്ന് എം ജെ ജേക്കബ് പറയുന്നു.