തിരുവനന്തപുരം > അടുക്കളച്ചൂടിൽ പകലന്തിയോളം വെന്തുരുകുന്ന വീട്ടുജോലിക്കാർക്ക് ആശ്വാസത്തിന്റെ തണുപ്പുമായി സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. വീട്ടുടമകളുടെയും ഏജൻസികളുടെയും ചൂഷണം, പീഡനം എന്നിവയിൽനിന്ന് വീട്ടുവേലക്കാർക്ക് സംരക്ഷണം നൽകാനുള്ളതാകും പുതിയ നിയമം. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായി നിയമപരിഷ്കരണ കമീഷൻ തയ്യാറാക്കിയ 2021ലെ ‘ദ കേരള ഡെമസ്റ്റിക് വർക്കേഴ്സ് (റഗുലേഷൻ ആൻഡ് വെൽഫെയർ) ബില്ലിന്റെ കരട്, നിയമ–-തൊഴിൽ വകുപ്പുകളുടെ പരിശോധനയിലാണ്. ക്ഷേമനിധി ബോർഡും സംസ്ഥാനതല തർക്കപരിഹാര കമ്മിറ്റിയും കരട് ബില്ലിലെ സുപ്രധാന നിർദേശമാണ്.
കൂടുതലും സ്ത്രീകളായതിനാൽ നിയമത്തിന്റെ നേട്ടം കൂടുതൽ സ്ത്രീത്തൊഴിലാളികൾക്കാകും. പാചകം, ശുചീകരണം, വീട് സംരക്ഷണം, അലക്ക്, പൂന്തോട്ട സംരക്ഷണം, കുട്ടികൾ, പ്രായമുള്ളവർ, രോഗികൾ എന്നിവരെ പരിചരിക്കൽ, പ്രസവാനന്തര ശുശ്രൂഷ തുടങ്ങി ഹോം നഴ്സായും നിരവധിപേർ ജോലിചെയ്യുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പലയിടത്തും ജോലി ചെയ്യേണ്ടിവരുന്നത്. സാമ്പത്തികചൂഷണം വ്യാപകമാണ്. കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നവരുമുണ്ട്. ഇവരുടെ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലാത്തതിനാലാണ് പുതിയ നിയമം സർക്കാർ കൊണ്ടുവന്നത്.
പ്രത്യേക ക്ഷേമനിധി ബോർഡിനു കീഴിൽ വിവിധ ക്ഷേമപദ്ധതിയും കരടിലുണ്ട്. മുഴുവൻ തൊഴിലാളികളും എജൻസികളും രജിസ്റ്റർ ചെയ്യുകയും സർക്കാർ തലത്തിൽ തർക്കപരിഹാര കൗൺസിലും സ്ഥാപിക്കണം. നിയമപാലനം ഉറപ്പാക്കാൻ ജില്ലകളിൽ അസി. ലേബർ ഓഫീസർ ഇൻസ്പെക്ടിങ് ഓഫീസറാകും. 15നു താഴെയും 62നു മുകളിലും പ്രായമുള്ളവരെ ജോലിക്ക് നിയോഗിക്കരുതെന്ന് നിയമത്തിലുണ്ട്. 15–-18 പ്രായക്കാരെ രക്ഷിതാവിന്റെ അനുമതിയോടെ നിയോഗിക്കാം.