കാസർകോട് > പെർള സ്വർഗയിലെ ബദിയാറു ജടാധാരി ദേവസ്ഥാനത്തേക്കുള്ള 18 പടികളിലൂടെ വിലക്ക് മറികടന്ന് ദളിതർ കയറി. ദളിതരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയർന്നതിനാൽ മുഖ്യകവാടം മൂന്നു വർഷമായി ക്ഷേത്രനടത്തിപ്പുകാർ പൂട്ടിയിട്ടതിനാൽ അതുവഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായില്ല. പുറത്തെ വഴിയിലൂടെ അകത്തുകയറിയ നേതാക്കൾ തെയ്യം കെട്ടിയാടുന്ന പ്രധാന സ്ഥലത്തുമെത്തി. പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും ചരിത്രംകുറിച്ച ക്ഷേത്രപ്രവേശനം നടത്തിയത്.
ജടാധാരി ദേവസ്ഥാനത്തേക്കുള്ള 18 പടികളിൽ ദളിതർക്ക് വിലക്കുള്ളത് ‘ദേശാഭിമാനി വാരാന്തപ്പതിപ്പി’ൽ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. പട്ടികജാതി കമീഷനും മന്ത്രി കെ രാധാകൃഷ്ണനും പികെഎസ് നേതാക്കൾ ഓൺലൈനിൽ പരാതി നൽകി. അടച്ചിട്ട ദേവസ്ഥാനം തുറന്ന് ദളിതരെ പ്രവേശിപ്പിച്ച് ഉത്സവം നടത്താൻ ഇടപെടണമെന്ന് നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. മുമ്പ് ബിജെപിയും ഇപ്പോൾ യുഡിഎഫും ഭരിക്കുന്ന എൻമകജെ പഞ്ചായത്തിലാണ് ജടാധാരി ദേവസ്ഥാനം. നടത്തിപ്പുകാരെല്ലാം ബിജെപി കുടുംബത്തിൽപ്പെട്ടവരാണ്.
ഉയർന്ന ജാതിക്കാർക്കുമാത്രമുള്ള നടവഴിയിലൂടെ ദളിതരെയും പ്രവേശിപ്പിക്കുക, കാണിക്ക നേരിട്ട് നൽകാൻ അനുമതി നൽകുക, ഉത്സവസമയത്ത് ജാതിപ്പേര് വിളിച്ചുള്ള ഭക്ഷണവിതരണം അവസാനിപ്പിക്കുക, എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രാദേശിക സിപിഐ എം നേതാക്കളുടെ സഹായത്തോടെ നാട്ടിലെ ദളിത് പ്രവർത്തകർ ഉന്നയിക്കുന്നത്. പട്ടികജാതി ക്ഷേമസമിതി കാസർകോട് ജില്ലാ പ്രസിഡന്റ് എം കെ പണിക്കർ, സെക്രട്ടറി ബി എം പ്രദീപ്, ജോയിന്റ് സെക്രട്ടറി ചന്ദ്രൻ കൊക്കൽ, ഏരിയാ സെക്രട്ടറി സദാനന്ദ ഷേണി, സിപിഐ എം കാട്ടുകുക്കെ ലോക്കൽ സെക്രട്ടറി അഡ്വ. ചന്ദ്രമോഹൻ, മുഖ്യ പരാതിക്കാരനായ കൃഷ്ണ മോഹന പൊസലിയ, എസ്എഫ്ഐ കാട്ടുകുക്കെ ലോക്കൽ സെക്രട്ടറി എസ് ഗിരീഷ് എന്നിവരാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്.