തിരുവനന്തപുരം > മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്തുന്ന തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പമ്പയിലും സന്നിധാനത്തും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. കോവിഡും മഴക്കാലവും ആയതിനാൽ തീർഥാടകരും ജീവനക്കാരും ശ്രദ്ധ പുലർത്തണം. പമ്പമുതൽ സന്നിധാനംവരെ അഞ്ചിടത്ത് എമർജൻസി മെഡിക്കൽ സെന്റർ, ഓക്സിജൻ പാർലർ എന്നിവ സജ്ജമാണ്.
വിശ്രമം, ഫസ്റ്റ് എയ്ഡ് തുടങ്ങിയവയ്ക്കുള്ള സംവിധാനം ഉണ്ടാകും. ഹൃദയാഘാതം വരുന്നവർക്ക് പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറിയും മരുന്നും സുരക്ഷാ ഉപകരണവും ലഭ്യമാക്കും. ഒരു അടിയന്തര ഓപ്പറേഷൻ തിയറ്ററും വെന്റിലേറ്റർ സൗകര്യവും സജ്ജമാക്കി. കാസ്പ് കാർഡുള്ള രാജ്യത്തെവിടെനിന്നും വരുന്നവർക്ക് സംസ്ഥാനത്തെ 555 സ്വകാര്യ ആശുപത്രിയിലും 194 സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സ ലഭ്യമാണ്. മറ്റുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം.