ന്യൂഡൽഹി > റഫാൽ അഴിമതി ഇടപാടിൽ ഉന്നതതലസ്വതന്ത്രാന്വേഷണം നടത്തിയേ മതിയാകൂവെന്ന് സിപിഐ എം പിബി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഇടനിലക്കാർക്ക് കമീഷൻ നൽകിയതിന്റെ കൂടുതൽ തെളിവും രേഖയും ഫ്രഞ്ച് മാധ്യമസ്ഥാപനമായ മീഡിയാപാർട്ട് പുറത്തുവിട്ടിട്ടും കേന്ദ്ര സർക്കാർ അന്വേഷണത്തിന് വിസമ്മതിക്കുന്നു. റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷന്‍ വലിയ നേട്ടമുണ്ടായെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഒത്തുതീർപ്പ് വിശദാംശവും പുറത്തുവന്നു.
റഫാൽ ഇടപാടിലെ ഉന്നതതല അഴിമതി മൂടിവയ്ക്കാനും അന്വേഷണശ്രമം അട്ടിമറിക്കാനുമുള്ള നീക്കം അപലപനീയം. മറ്റു രാജ്യങ്ങളിലെ വിവിധ സർക്കാരുകൾ അന്വേഷണത്തിന് തയ്യാറായപ്പോൾ മോദി സർക്കാർ അന്വേഷണവുമില്ലെന്ന നിഷേധ നിലപാടിലാണ്. കുറ്റകൃത്യത്തിലെ പങ്കാളിത്തമാണ് ഇതിൽനിന്ന് വെളിവാകുന്നത് – പിബി വ്യക്തമാക്കി.
കർഷക – ട്രേഡ് യൂണിയൻ ആഹ്വാനങ്ങൾക്ക് പിന്തുണ
ഐതിഹാസികമായ കർഷക സമരത്തിന്റെ ഒന്നാം വാർഷികമായ നവംബർ 26ന് അതിർത്തികേന്ദ്രങ്ങളിൽ മഹാസമ്മേളനം ചേരുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് സിപിഐ എം എല്ലാ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. എല്ലാ സംസ്ഥാന തലസ്ഥാനത്തും പ്രതിഷേധ പരിപാടിക്ക് കിസാൻ മോർച്ചയുടെ ആഹ്വാനമുണ്ട്. രാജ്യത്തിന്റെ സ്വത്ത് വിറ്റഴിക്കുന്നതിനെതിരെയും പുത്തന്‍ തൊഴിൽനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലാളിവർഗം നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ ഒന്നാംവാർഷികം സമുചിതമായി ആചരിക്കാനുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനത്തിനും പിബി പിന്തുണ അറിയിച്ചു.
നെല്ല് സംഭരിക്കാന്‍ തയ്യാറാകണം
എല്ലാ ഭക്ഷ്യവിളകളും മിനിമം താങ്ങുവിലയിൽ സംഭരിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്ര ഗോഡൗണുകൾ നിറഞ്ഞെന്ന വിചിത്രമായ കാരണം കാട്ടി ചില സംസ്ഥാനങ്ങളിൽനിന്ന് മിനിമം താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കാൻ കേന്ദ്രം തയ്യാറാകാത്തത് അപലപനീയം.
ഭക്ഷ്യധാന്യം ഗോഡൗണുകളിൽ കിടന്ന് നശിക്കാൻ അനുവദിക്കാതെ എത്രയുംവേഗം ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യണം.