കൊച്ചി > ആറുപതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ ആദ്യമായി നടി ഷീലയ്ക്ക് ഡബ്ബിങ് കലാകാരി ശബ്ദം നൽകുന്നു. 19ന് തിയറ്ററുകളിൽ എത്തുന്ന ‘അമ്മച്ചിക്കൂട്ടിലെ പ്രണയകാലം’ എന്ന സിനിമയിൽ റോസമ്മ എന്ന കഥാപാത്രത്തിനാണ് ഷീലയുടെ ശബ്ദം നഷ്ടമാകുന്നത്. സുമംഗല സുനിലാണ് ശബ്ദം നൽകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജോലികൾ പൂർത്തിയായിട്ട് ഒരുവർഷത്തോളമായി. കോവിഡുമൂലം ഷീലയ്ക്ക് ചെന്നൈയിൽനിന്ന് എത്താൻ കഴിയാത്തതാണ് ശബ്ദം നൽകുന്നതിന് തടസ്സമായത്.
തുടർന്ന് പത്തിലേറെ ഡബ്ബിങ് കലാകാരികളുടെ ശബ്ദം പരിശോധിച്ചശേഷമാണ് സുമംഗലയെ തെരഞ്ഞെടുത്തതെന്ന് സംവിധായകൻ റഷീദ് പള്ളുരുത്തി പറഞ്ഞു. ശബ്ദം ഷീലയ്ക്ക് അയച്ചുകൊടുത്തു. തന്റേതിനോട് സാമ്യമുണ്ടെന്ന് ഷീല പറഞ്ഞതോടെയാണ് സുമംഗലയ്ക്ക് അവസരമൊരുങ്ങിയത്. ഇതുൾപ്പെടെ ‘അമ്മച്ചിക്കൂട്ടിലെ പ്രണയകാല’ത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. ദമ്പതികളാണ് ചിത്രത്തിൽ നായികാനായകൻമാരായി എത്തുന്നത്. സംവിധായകൻ റഷീദിന്റെ മകൾ ഡോ. സെമീനയും ഭർത്താവ് സത്താർ സുലൈമാനുമാണ് ഇവർ. റഷീദിന്റെ ഭാര്യ സോഫിയയാണ് നിർമാണം. മകൻ സഹിൽ അഭിനയിക്കുന്നു. ചിത്രത്തിലെ രണ്ടു പാട്ടുകൾ എഴുതിയതും റഷീദാണ്.