കൊടുങ്ങല്ലൂർ > വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. കൊടുങ്ങല്ലൂരിൽ കെഎസ്ടിഎയുടെ കുട്ടിക്കൊരുവീട് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ രംഗം മികച്ചതായി മാറി. വാണിജ്യ വിദ്യാലയങ്ങൾ വിട്ട് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് വരുന്നു. വിദ്യാഭ്യാസ രംഗത്ത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ബദൽ നയങ്ങൾക്കുള്ള അംഗീകാരമാണിത്. വരും തലമുറക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അടിത്തറയിടുകയാണ് എൽഡിഎഫ് സർക്കാർ. എന്നാൽ, ജനപക്ഷ വികസനത്തെ എതിർക്കുകയാണ് കോൺഗ്രസും ബിജെപിയും.
ജനവിരുദ്ധതയിലും കുത്തകകളെ സഹായിക്കുന്ന കാര്യത്തിലും ഇരുകൂട്ടർക്കും ഒരേ നയമാണ്. ഇതിനെതിരെ ബദൽ നയമാണ് ഇടതുപക്ഷം ഉയർത്തുന്നത്. അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനത്തിനൊപ്പം പാവപ്പെട്ട കുട്ടികൾക്ക് വീട് നിർമിച്ചു നൽകുന്ന കെഎസ്ടിഎയുടെ പദ്ധതി ശ്ലാഘനീയമാണ്- വിജയരാഘവൻ പറഞ്ഞു.