ഷൊർണൂർ > മക്കളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ വിനോദിന്റെ മക്കളായ അഭിനവ് (1), അനിരുദ്ധ് (4) എന്നിവരെ കൊന്നശേഷം ദിവ്യ (28) ആണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ദുരന്തമറിഞ്ഞ് മനംനൊന്ത് വിനോദിന്റെ അമ്മൂമ്മ അമ്മിണി അമ്മ(76)യും ആത്മഹത്യക്ക് ശ്രമിച്ചു. ദിവ്യ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മിണി അമ്മയെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു.
ഞായർ പുലർച്ചെയാണ് സംഭവം. കൈഞരമ്പ് മുറിച്ചനിലയിൽ മുറിയിൽ കണ്ടെത്തിയ ദിവ്യയെ വിനോദും ബന്ധുവായ യുവാവും ചേർന്ന് ചെറുതുരുത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളം സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ബന്ധുവായ യുവാവ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾക്ക് അനക്കമില്ലെന്ന് അമ്മിണി അമ്മ പറയുന്നത്. കുട്ടികളെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മിണി അമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികളുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽകോളേജ് മോർച്ചറിയിലാണ്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിക്കും.
സംഭവ സമയത്ത് വിനോദ് പുറത്തുള്ള സോഫയിൽ കിടക്കുകയും അമ്മിണി അമ്മ തൊട്ടടുത്ത മുറിയിലുമായിരുന്നു. ആർഎംഎസ് ജീവനക്കാരിയായ വിനോദിന്റെ അമ്മ അനിത ഒറ്റപ്പാലത്തായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എസ്പി ആർ വിശ്വനാഥ്, ഡിവൈഎസ്പി വി സുരേഷ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലം സന്ദർശിച്ചു.