എറണാകുളം: കേന്ദ്രസർക്കാരിന്റെ വിവിധ സംരംഭങ്ങളും ക്ഷേമ പദ്ധതികളും ആർഎസ്എസിനും ബിജെപിക്കും കേരളത്തിൽ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ഉപാധികളായി മാറുകയാണ്. സിപിഎം സ്ഥാനമുറപ്പിച്ച കൂടുംബശ്രീക്ക് സമാനമായി സഹകാർ ഭാരതിയുടെ അക്ഷയശ്രീ സംസ്ഥാനത്ത് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രവർത്തന കേന്ദ്രമായി മാറുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ നിധി കമ്പനികളും ഇതിനു സമാനമായ പ്രവർത്തനങ്ങളിലേക്കാണ് നീങ്ങുന്നത്.
അതേസമയം, പദ്ധതികൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന ആരോപണം സംസ്ഥാന ബിജെപി-ആർഎസ്എസ് നേതൃത്വം നിഷേധിച്ചു. ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ലെന്നും താഴേത്തട്ടിലുള്ള ജനങ്ങളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും ബിജെപി വ്യക്തമാക്കുന്നു. അക്ഷയശ്രീ യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണിത്. സഹകാർ ഭാരതിയുടെ വിവിധ പ്രവർത്തനങ്ങളിൽ ധാരാളം ബിജെപി പ്രവർത്തകർ ഭാഗമാണ്. എന്നാൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നല്ല ഇതിനർഥമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സഹകാർ ഭാരതിയുടെ പ്രവർത്തനങ്ങൾ ഒരു സ്വതന്ത്ര സമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇതിൽ ആർഎസ്എസിന് നേരിട്ട് പങ്കില്ല. എന്നാൽ പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിന്റെ ഗുണഫലം ലഭിക്കാൻ ജനങ്ങളെ സഹായിക്കുമെന്നും ആഎസ്എസ് തൃശ്ശൂർ പ്രാന്ത കാര്യവാഹ് പിഎൻ ഈശ്വരൻ പറഞ്ഞു. അക്ഷയശ്രീക്ക് രാഷ്ട്രീയമില്ലാത്തതിനാലാണ് വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെട്ടവർ ഭാഗമാകുന്നതെന്നും സ്വതന്ത്രമായാണ് ഇതിന്റെപ്രവർത്തനമെന്നും സഹകാർ ഭാരതി കേരളയുടെ ജനറൽ സെക്രട്ടറി എസ്ബി ജയരാജ് പറഞ്ഞു.
കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരളത്തിൽ ഇത്തരം സംരംഭങ്ങൾ നടപ്പാക്കിയത്. സംസ്ഥാന ബിജെപി നേതൃത്വം ഇതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നോഇത്തരം ഉദ്യമങ്ങളെയും അതിന്റെ ഉദ്യേശ്യങ്ങളെയും കുറിച്ച് അവർക്ക് അറിവുണ്ടെന്നോ താൻ കരുതുന്നില്ലെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡി ധനുരാജ്പറഞ്ഞു. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വത്തിന് കേരളത്തിൽ വ്യത്യസ്ത സമീപനമാണുള്ളത്. പാർട്ടിയുടെ ദേശീയ അജണ്ട കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സഹകരണ മുന്നേറ്റങ്ങളുടെ ചരിത്രമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് ഇത്തരം പുതിയ സംരംഭങ്ങൾ ഇവിടെ നടപ്പാക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്കുണ്ടായ നേട്ടം പെട്ടെന്നുണ്ടായ ഒന്നല്ല. വർഷങ്ങളോളം നീണ്ട കഠിന പ്രവർത്തനങ്ങളുടെ ഫലമായാണ് അവിടങ്ങളിൽ ബിജെപി മികച്ച അടിത്തറയുണ്ടാക്കിയതെന്നും ധനുരാജ് ചൂണ്ടിക്കാണിച്ചു. ബിജെപിക്ക് കേരളത്തിൽ സാധ്യതകളുണ്ട്. എന്നാൽ ചില കാരണങ്ങളാൽ ഇതു ഫലംകണ്ടില്ല. കേന്ദ്രം കൊണ്ടുവരുന്ന പുതിയ പദ്ധതികൾ സംസ്ഥാനത്ത് ബിജെപിക്ക് സഹായകരമാകും. കേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റം ബിജെപിക്ക് സാധ്യമാകുമെന്നും ധനുരാജ് വ്യക്തമാക്കി.
അതേസമയം, കുടുംബശ്രീ മോഡലിന് സമാനമായ പദ്ധതി ദീർഘകാലടിസ്ഥാനത്തിൽ ആർഎസ്എസിനും ബിജെപിക്കും സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അക്ഷയശ്രീ ശൃംഖലകൾ കേരളത്തിൽ കൂടുതൽ വളരുമെന്നും സംഘപരിവാർ ശക്തികൾക്ക് ആവശ്യമായ രാഷ്ട്രീയ നേട്ടവും മുന്നേറ്റവും ഇതിലൂടെ ലഭിക്കുമെന്നും രാഷ്ട്രീയ നീരീക്ഷകൻ അഡ്വക്കേറ്റ് എ.ജയശങ്കർ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്നോ 15 സീറ്റ് നേടുമെന്നോ എന്നല്ല ഇതിനർഥം. കേരളത്തിലുടനീളം ബിജെപി അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ആർഎസ്എസിന്റെ കേഡർ ശൈലിയും ഫലപ്രദമായ പ്രവർത്തന സംവിധാനങ്ങളും ഇത്തരം പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനുംഅനുയോജ്യമാണ്. ഇക്കാര്യത്തിൽ സിപിഎമ്മിനെക്കാൾ ആർഎസ്എസിന് മുൻതൂക്കമുണ്ട്. എന്നാൽ ഇത്തരം നടപടികൾ ക്രിയാത്മകമായി നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമോ നേതാക്കളോ പ്രത്യയശാസ്ത്രമോ കോൺഗ്രസിന് ഇല്ല. ജനശ്രീ ഒരു ഫലവും നൽകാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും ജയശങ്കർ പറഞ്ഞു.
content highlights:Kerala RSS, BJP leaders deny politics behind Akshayashree