തിരുവനന്തപുരം
വയനാട് ജില്ലയിൽ സ്ഥിരീകരിച്ച നോറോ വൈറസ് കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണം. കുടിവെള്ളമടക്കം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുണ്ട്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനും മന്ത്രി നിർദേശിച്ചു. കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
നോറോ വൈറസ്
ഉദരസംബന്ധമായ അസുഖത്തിന് കാരണമാകുന്ന വൈറസാണിത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും വൈറസ് കാരണമാകും. ആരോഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ലെങ്കിലും കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് ഗുരുതരമാകും.
പകരുന്നത്
ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധയുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയും പകരും. രോഗബാധിതനായ ആളിന്റെ വിസർജ്യം, ഛർദ്ദി എന്നിവ വഴിയും പകരാം.
ലക്ഷണം
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിച്ച് ഗുരുതരമാകും.
പ്രതിരോധിക്കാം
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനമാണ്. കുടിവെള്ള സ്രോതസ്സ്, കിണർ, ടാങ്ക് തുടങ്ങിയവ ശുദ്ധീകരിക്കണം.