കൊച്ചി
സിറോ മലബാർ സഭ വിവിധ അതിരൂപതകളിൽ അർപ്പിക്കുന്ന ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വായ് മൂടിക്കെട്ടി പ്രതിഷേധവുമായി വൈദികർ. എറണാകുളം–-അങ്കമാലി, ഇരിങ്ങാലക്കുട അതിരൂപതകളിൽനിന്നും തൃശൂർ, പാലക്കാട് രൂപതകളിൽനിന്നുമുള്ള 260 വൈദികരാണ് വെള്ളിയാഴ്ച കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
സുന്നഹദോസ് കൂടി ജനാഭിമുഖ കുർബാന നിലനിർത്തണമെന്നും ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കർദിനാൾ ജോർജ് ആലഞ്ചേരിയടക്കമുള്ള സുന്നഹദോസ് പ്രതിനിധികൾക്ക് നിവേദനം സമർപ്പിക്കാനായിരുന്നു മാർച്ച്. എന്നാൽ കുർബാന ഏകീകരണത്തെ പിന്തുണയ്ക്കുന്ന എറണാകുളം–-അങ്കമാലി അതിരൂപത സഭാ സംരക്ഷണ സമിതി പ്രതിനിധികൾ ഗേറ്റിനുമുന്നിൽ വൈദികരെ തടഞ്ഞു. തുടർന്ന് വൈദികർ ഗേറ്റിനുമുന്നിൽ പ്രാർത്ഥനയജ്ഞം നടത്തി.
വൈദികരുടെ നിവേദനം സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ സ്വീകരിച്ചു. പ്രതിഷേധത്തെ തുടർന്ന് ഗേറ്റിലൂടെയാണ് വൈദികർ നിവേദനം കൈമാറിയത്. ഫാ. ജോസ് കുളമ്പിക്കൽ, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാടൻ, ഫാ. ജോൺ അയ്യങ്കാന, ഫാ. ജോൺ കവലക്കാട്ട് എന്നിവരാണ് നിവേദനം നൽകിയത്.
പുതിയ കുർബാനയർപ്പണരീതി സാധ്യമായ ഇടവകകളിൽ 28-ന് ആരംഭിക്കണമെന്നത് ദുരുദ്ദേശ്യപരമാണെന്ന് വൈദികർ നിവേദനത്തിൽ പറഞ്ഞു. ഇത് ജനാഭിമുഖ കുർബാന ചൊല്ലിവരുന്ന രൂപതകളിലെ ചില ഇടവകകളിൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കും. സിറോ മലബാർ സഭാ സിനഡ് അധികാരികളിൽനിന്ന് ഇരുപതിനകം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പുതിയ കർമപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വൈദികർ അറിയിച്ചു.