തിരുവനന്തപുരം
റേഷൻ കാർഡിലെ തെറ്റ് തിരുത്തുന്നതിന് ‘തെളിമ കാർഡ് ശുദ്ധീകരണ പദ്ധതി’ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം(ആർസിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ് തിരുത്താനും വിവരം പുതുക്കാനും അവസരമുണ്ടാകും.
ഡിസംബർ 15 വരെയാണ് ക്യാമ്പയിൻ. വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ ക്യാമ്പയിൻ നടത്തും. 2022 ഏപ്രിലോടെ മുഴുവൻ റേഷൻ കാർഡും സ്മാർട്ടാക്കും. മഴക്കെടുതിയിൽ കാർഡ് നഷ്ടപ്പെട്ടവർക്ക് ഉടൻ വിതരണം ചെയ്യും. കോട്ടയം കൂട്ടിക്കൽ, മണിമല എന്നിവിടങ്ങളിൽ ശനിയാഴ്ച മന്ത്രി വിതരണം ചെയ്യും. കൂട്ടിക്കൽ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിച്ചു. 20ന് പ്രവർത്തനം ആരംഭിക്കും. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകളുടെ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിനോ സ്ഥിരമായി റദ്ദ് ചെയ്യുന്നതിനോ ജില്ലകളിൽ അദാലത്ത് നടത്തും.
ആദ്യ അദാലത്ത് ശനിയാഴ്ച കോട്ടയത്ത് തുടങ്ങും.
മാവേലി സ്റ്റോറിലെ സബ്സിഡി സാധനം എല്ലാ റേഷൻകട വഴിയും വിതരണത്തിന് തീരുമാനിച്ചിട്ടില്ല. അനർഹരുടെ പക്കലുണ്ടായിരുന്ന 1,59,122 റേഷൻ കാർഡ് തിരികെ ലഭിച്ചിട്ടുണ്ട്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ 2022 ജനുവരി ഒന്നോടെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.