തിരുവനന്തപുരം
വർഗീയ ചേരിതിരിവിലൂടെ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ പാളിയതോടെ കേരളം പിടിക്കാൻ ആർഎസ്എസ് നേരിട്ടിറങ്ങുന്നു. പാർടി ബൂത്തുകളെ നിയന്ത്രിച്ചും സമാന്തര സഹകരണ മേഖല സൃഷ്ടിച്ച് പണമൊഴുക്കിയുമുള്ള പദ്ധതിയാണ് ഒരുക്കുന്നത്. ഞായറാഴ്ച തുടങ്ങുന്ന സഹകാർ ഭാരതി വാരാഘോഷം പുതിയ നീക്കത്തിന്റെ ഭാഗമാണ്. 1978ൽ ആർഎസ്എസ് തുടങ്ങിയ സംവിധാനമായ സഹകാർ ഭാരതിയുടെ കീഴിൽ അക്ഷയശ്രീ സംഘങ്ങൾ രൂപീകരിച്ച് അടിത്തട്ടിൽ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമം. കുടുംബശ്രീ മാതൃകയിലെ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.
വനിതാ സംഘങ്ങൾ രൂപീകരിച്ച് അതിന് കീഴിൽ ഭക്ഷണം, തുണിവ്യാപാരം തുടങ്ങിയ മേഖലകളിൽ ചെറുയൂണിറ്റുകളുണ്ടാക്കുകയാണ്. സഹകരണ സ്ഥാപനങ്ങൾ എന്ന ലേബലിലായിരിക്കും പ്രവർത്തനം. സമൃദ്ധി സൂപ്പർസ്റ്റോറുകൾ ഇതിലുൾപ്പെട്ടതാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ തുടങ്ങിയ മേഖലകളിൽ തുടക്കം കുറിച്ചു. പ്രത്യക്ഷത്തിൽ ആർഎസ്എസ്–-ബിജെപി മുഖം കാണിക്കാതെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ ഇതിന്റെ ഭാഗമാക്കണമെന്നും നിർദേശമുണ്ട്.
വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യയിൽ ക്ഷീണമുണ്ടായാൽ അത് പരിഹരിക്കാൻ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കഴിയണമെന്നാണ് അമിത് ഷായുടെ നിർദേശം. ഈ സംസ്ഥാനങ്ങൾ കേന്ദ്രീകരിക്കാനും നേതാക്കളുടെ പ്രത്യേക യോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഹിന്ദുബാങ്ക് തട്ടിപ്പും ചർച്ചയായി
എന്നാൽ, ബിജെപി നേതാക്കൾ ഹിന്ദുബാങ്കിൽ അടക്കം നടത്തിയ തട്ടിപ്പ് ഇതോടൊപ്പം ചർച്ചയായി. നൂറുകണക്കിന് പേരാണ് തട്ടിപ്പിനിരകളായത്. ഇവർ നിയമനടപടികൾ തുടരുന്നത് ആർഎസ്എസിന്റെ പുതിയ നീക്കത്തിന് തിരിച്ചടിയാകും. നിക്ഷേപമായി സ്വീകരിച്ച് കോടികളാണ് തട്ടിയത്. പല സ്ഥാപനങ്ങളും പൂട്ടി. ചെർപ്പുളശേരിയിൽ 97 ലക്ഷം രൂപ തട്ടിയ കേസിൽ സംഘപരിവാറിന്റെ സോഷ്യൽമീഡിയ ചുമതലക്കാരനടക്കം പ്രതിയാണ്.
ധവള വിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യനെ അപമാനിച്ചിറക്കി അമൂൽ പിടിച്ചടക്കിയ സംഘപരിവാർ ചരിത്രവും കേരളത്തിൽ ചർച്ചയാണ്.
സംസ്ഥാന ബിജെപിയിലെ രൂക്ഷമായ പോര് തീർക്കാൻ കഴിയാത്ത വി മുരളീധരൻ, കെ സുരേന്ദ്രൻ വിഭാഗത്തിനുള്ള തിരിച്ചടികൂടിയാണ് ആർഎസ്എസിന്റെ നേരിട്ടുള്ള നീക്കം.