ദുബായ്
പേസർ ഹസൻ അലിയെ തോൽവി ഏറെക്കാലം വേട്ടയാടും; പാകിസ്ഥാനേയും. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഹസൻ കൈവിട്ട ക്യാച്ച് നിർണായകമായി. കളി ജയിപ്പിച്ച ഓസ്ട്രേലിയൻ വിക്കറ്റ്കീപ്പർ മാത്യു വെയ്ഡിനെ കൈയിലൊതുക്കാനുള്ള അവസരമാണ് കളഞ്ഞുകുളിച്ചത്. പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി പത്തൊമ്പതാം ഓവർ എറിയാനെത്തുമ്പോൾ മാർകസ് സ്റ്റോയിനിസും വെയ്ഡുമായിരുന്നു ക്രീസിൽ. 12 പന്തിൽ ജയിക്കാൻ 22 റൺ. അഫ്രീദിയുടെ മൂന്നാംപന്ത് വെയ്ഡ് സിക്സർ ലക്ഷ്യമിട്ട് ഉയർത്തിയടിച്ചു. ഓടിയെത്തിയ ഹസൻ അലിയുടെ കൈകളിലൂടെ പന്ത് ഊർന്നുവീണു. അടുത്ത മൂന്ന് പന്തും സിക്സർ പറത്തി വെയ്ഡ് താരമായി. അതിൽ രണ്ടെണ്ണം വിക്കറ്റിന് മുകളിലൂടെ കോരിയിട്ടുള്ള അസാധ്യ ഷോട്ടുകളായിരുന്നു. ഒരോവർ ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് ജയത്തോടെ ഓസീസ് രണ്ടാംതവണ ഫൈനലിൽ കടന്നു. ഓസ്ട്രേലിയൻ ടീമിന്റെ പ്രൊഫഷണൽ മികവിന് ഉത്തമ ഉദാഹരണം.
പത്തൊമ്പതാം ഓവർവരെ കളി പാകിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നു. ഒരൊറ്റ ഓവർ എല്ലാം മാറ്റിമറിച്ചു. ഹസൻ അലിയെ കുറ്റപ്പെടുത്താൻ ക്യാപ്റ്റൻ ബാബർ അസം തയ്യാറല്ല. ഓരോ കളിക്കാരനും മോശം ദിവസമുണ്ടാകും. ഹസൻ പോരാളിയാണ്. പലതവണ ടീമിനെ ജയിപ്പിച്ച ബൗളറാണ് ഹസനെന്ന് ബാബർ പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് നേടാത്ത രണ്ട് ടീമുകളാണ് ഇക്കുറി ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയ 2010ൽ ഫൈനലിൽ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു. ന്യൂസിലൻഡിന് മുമ്പ് ആറുതവണയും മുന്നേറാനായില്ല. 2015ലെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയോട് തോറ്റ കിവീസ് 2019ൽ ഇംഗ്ലണ്ടിനോടും കീഴടങ്ങി.
ദുബായിലെ തോൽവി പാകിസ്ഥാനെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ തുടർച്ചയായി 16 കളിയാണ് പാകിസ്ഥാൻ ജയിച്ചത്. ഗ്രൂപ്പിൽ എല്ലാം മത്സരവും വലിയ വ്യത്യാസത്തിൽ ജയിച്ചാണ് സെമിയിലെത്തിയത്.
രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകൾ ജയിക്കുന്നത് തുടരുന്നു. രണ്ട് സെമിയിലും രണ്ടാമത് ബാറ്റ് ചെയ്തവരാണ് മുന്നേറിയത്. അതിനാൽ ഫൈനലിലും ടോസ് നിർണായകമാണ്. സൂപ്പർ12ലെ 32 കളിയിൽ 21 എണ്ണം രണ്ടാമത് ബാറ്റ് ചെയ്തവർ ജയിച്ചു.
അർബുദത്തെയും അടിച്ചൊതുക്കി
മാത്യു വെയ്ഡ് പോരാളിയാണ്. 16–-ാംവയസ്സിൽ വിഴുങ്ങാനെത്തിയ അർബുദത്തെ അതിജീവിച്ചതാണ്. വൃഷ്ണത്തെ ബാധിച്ച അർബുദം മാറ്റാനുള്ള ചികിത്സയിൽ രണ്ടുതവണ കീമോ തൊറാപ്പിക്ക് വിധേയനായി. പൂർണ സുഖംപ്രാപിച്ച് 2006ലെ അണ്ടർ19 ലോകകപ്പിലാണ് രംഗപ്രവേശം.
ടാസ്മാനിയ പ്രവിശ്യക്കായി ഫുട്ബോളും ക്രിക്കറ്റും കളിച്ചതായിരുന്നു കുട്ടിക്കാലം. മുപ്പത്തിമൂന്നുകാരനായ ഇടംകൈയൻ ബാറ്റ്സ്മാൻ ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 10 വർഷമായി. 54 ട്വന്റി 20 മത്സരങ്ങൾ കളിച്ചു. 36 ടെസ്റ്റും 97 ഏകദിനങ്ങളും. ഈ ലോകപ്പിൽ ആറ് കളിയിൽ മൂന്നെണ്ണത്തിലാണ് ബാറ്റ് ചെയ്തത്. അതിൽ പാകിസ്ഥാനെതിരെ 17 പന്തിൽ 41 റണ്ണുമായിപുറത്താകാതെ നിന്നതാണ് ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്കക്കെതിരെ 15 റണ്ണുമായി പുറത്തായില്ല. ബംഗ്ലാദേശിനെതിരെ 18 റണ്ണെടുത്തു. ശ്രീലങ്ക, ബംഗ്ലാദേശ്, വിൻഡീസ് എന്നിവക്കെതിരെ ഇറങ്ങേണ്ടിവന്നില്ല.