മനാമ > ഖത്തറില്‍ കുടുംബ സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷകന്റെ ശമ്പള പരിധി നിശ്ചയിച്ചു. ഭാര്യ, മക്കള്‍ എന്നിവരുടെ സന്ദര്‍ശകവിസക്ക് അപേക്ഷകന് കുറഞ്ഞത് 5,000 റിയാലും(ഏതാണ്ട് 1,02,163 രൂപ) മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഇണയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 10,000 റിയാലും(ഏതാണ്ട് 2,04,326 രൂപ) ശമ്പളം വേണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഭാര്യ, മക്കള്‍ സന്ദര്‍ശക വിസക്ക് അപേക്ഷിക്കാന്‍ തൊഴിലുടമയില്‍ നിന്നുള്ള നിരാക്ഷേപ പത്രം, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, സന്ദര്‍ശകരുടെ പാസ്പോര്‍ട്ട് കോപ്പി, അപേക്ഷകന്റെ ഐഡി കാര്‍ഡ് കോപ്പി, ആരോഗ്യ ഇന്‍ഷുറന്‍സ്, മടക്ക ടിക്കറ്റുകള്‍, അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ (ഭാര്യയെ കൊണ്ടുവരാന്‍ നോട്ടറൈസ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്/കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്), തൊഴില്‍ മന്ത്രാലയം നോട്ടറൈസ് ചെയ്ത തൊഴില്‍ കരാര്‍. എന്നിവയടക്കമാണ് അപേക്ഷിക്കേണ്ടത്.
മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഇണയുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കുള്ള സന്ദര്‍ശക വിസക്ക് അപേക്ഷിക്കാനും സമാനമായ രേഖകള്‍ വേണം. നവജാത ശിശുക്കള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ മാതാവിന്റെ വിസ ആവശ്യമാണ്. അപേക്ഷകന്റെ സ്പോണ്സര്ഷിപ്പിലാണ് മാതാവെങ്കില്‍ കുട്ടികള്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭ്യമാവും.