ന്യൂഡൽഹി
അരുണാചൽപ്രദേശ് അതിർത്തിയിലെ തർക്കപ്രദേശത്തെ ചൈനയുടെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പെന്റഗൺ റിപ്പോർട്ടിനോട് വ്യത്യസ്ത സമീപനവുമായി കേന്ദ്ര പ്രതിരോധ–- വിദേശ മന്ത്രാലയങ്ങൾ. ചൈനയുടെ നിയമവിരുദ്ധ അധിനിവേശവും അന്യായ അവകാശവാദങ്ങളും അംഗീകരിക്കുന്നില്ലെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചപ്പോൾ അതിർത്തിക്കുള്ളിൽ ചൈന നിർമാണമൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ പ്രതികരണം.
യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് തിബറ്റിനും അരുണാചലിനും ഇടയിലെ തർക്കപ്രദേശിൽ 100 വീടുള്ള പുതിയൊരു ഗ്രാമം ചൈന നിർമിച്ചെന്ന് പെന്റഗൺ അവകാശപ്പെട്ടത്.
കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലാണ് ചൈനയുടെ അന്യായ അധിനിവേശം അംഗീകരിക്കുന്നില്ലെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ സ്വകാര്യ ചടങ്ങിലാണ് ജനറൽ റാവത്ത് വിരുദ്ധ നിലപാടുമായി രംഗത്തുവന്നത്. ചൈനീസ് ഭാഗത്താണ് നിർമാണമെന്നും ഇന്ത്യയുടെ നിയന്ത്രണരേഖ ലംഘിച്ചിട്ടില്ലെന്നും റാവത്ത് വിശദമാക്കി. നിർമാണത്തിൽ തെറ്റില്ലെന്ന നിലയിലാണ് പ്രതികരണം. നേരത്തെ ലഡാക്ക് അതിർത്തിയിലെ സംഘർഷ ഘട്ടത്തിലും മോദി സർക്കാരും റാവത്തും സമാന നിലപാടാണ് സ്വീകരിച്ചത്. ചൈന ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവകാശപ്പെട്ടത്. മന്ത്രാലയങ്ങള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെ പ്രതിപക്ഷം വിമർശിച്ചു.