കോഴിക്കോട്
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം വെള്ളിയാഴ്ച. കേരളത്തിൽ ഗ്രഹണം കാണാൻ കഴിയില്ല. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ എത്തുന്ന സന്ദർഭത്തിൽ ഭൂമിയുടെ സ്ഥാനം ചന്ദ്രനും സൂര്യനുമിടയിലാകുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. മൂന്ന് മണിക്കൂർ, 28 മിനിറ്റ്, 23 സെക്കൻഡ് സമയം ഗ്രഹണം നീളും. 2001നും 2100നുമിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമാണിത്. ചന്ദ്രഗ്രഹണസമയത്ത് ഭൂമി പൂർണമായും നിഴലിലാകുമ്പോൾ ചന്ദ്രോപരിതലത്തിൽ ചുവന്ന നിറമാകുന്നതിനാൽ ബ്ലഡ് മൂൺ എന്നും ചന്ദ്രനെ ഈ അവസരത്തിൽ വിശേഷിപ്പിക്കാറുണ്ട്. ഭൂമിയുടെ വലുപ്പത്തെ അപേക്ഷിച്ച് ചന്ദ്രന്റെ വലുപ്പം വളരെ കുറവായതിനാൽ ചന്ദ്രഗ്രഹണത്തിന്റെ സമയം സൂര്യഗ്രഹണത്തേക്കാൾ കൂടുതലാണ്. അമേരിക്കൻ ബഹിരാകശ ഏജൻസിയായ നാസ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് വടക്കേ അമേരിക്കയിലാണ് ഏറ്റവും സുന്ദരമായി ചന്ദ്രഗ്രഹണം കാണാനാവുക. പുലർച്ചെ 2.19നും 5.47നുമിടയിൽ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലുള്ളവർക്കാണ് ഗ്രഹണം കാണാനാകുക.
ഇന്ത്യയിൽ ഗ്രഹണത്തിന്റെ ദൈർഘ്യം പകൽ 11.32 – മുതൽ വൈകിട്ട് 6.33 വരെയാണ്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും താമസിക്കുന്നവർക്ക് ഈ കാഴ്ചകളൊന്നും കാണാൻ കഴിയില്ല. ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ഭാഗികമായി വരുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകുക. ഭൂമിയുടെ നിഴലിന്റെ നീളത്തേക്കാൾ കുറവാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം എന്നതിനാൽ ഒരിക്കലും വലിയ ചന്ദ്രഗ്രഹണം ഉണ്ടാവില്ല.