ന്യൂഡൽഹി
ഇന്ധന വിലവർധനയ്ക്കെതിരായ പ്രതിഷേധം സംസ്ഥാന സർക്കാരിനെതിരായി മാത്രം ചുരുക്കുന്ന കേരളത്തിലെ പാർടി നേതൃത്വത്തെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം. മോദി സർക്കാരിന്റെ ഇന്ധന നികുതിക്കൊള്ള വിശദമാക്കി ‘ദി ഹിന്ദു’വിലെ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ലേഖനത്തെ പിന്തുണച്ച് മുൻ കേന്ദ്രധനമന്ത്രി പി ചിദംബരം രംഗത്ത്.
പെട്രോൾ–- ഡീസൽ നികുതി ശേഖരണം സംബന്ധിച്ച് കേരള ധനമന്ത്രി ചില കണക്കുകൾ പുറത്തുവിട്ടിട്ടുണ്ടെന്നും അത് ശരിയല്ലെങ്കിൽ കേന്ദ്ര ധനമന്ത്രി മറുപടി നൽകണമെന്നും ചിദംബരം ട്വീറ്റു ചെയ്തു. കേരള ധനമന്ത്രിയുടെ കണക്കുകൾ പ്രകാരം 2020–-21ൽ 3.72 ലക്ഷം കോടി രൂപ എക്സൈസ് തീരുവ, സെസ്, അഡീഷണൽ എക്സൈസ് തീരുവ ഇനങ്ങളിലായി കേന്ദ്രം സമാഹരിച്ചു. ഇതിൽ അടിസ്ഥാന എക്സൈസ് തീരുവയായി സമാഹരിച്ചത് 18000 കോടി മാത്രം. ഇതിന്റെ 41 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് പങ്കുവച്ചത്. ശേഷിക്കുന്ന 3.54 ലക്ഷം കോടി കേന്ദ്രം സ്വന്തമാക്കി.
ഇതാണ് മോദി സർക്കാർ പിന്തുടരുന്ന ‘സഹകരണാത്മക ഫെഡറലിസം’ മാതൃക. 3.54 ലക്ഷം കോടി രൂപ എവിടെ, എങ്ങനെ, എന്തിന് ചെലവഴിച്ചു? ഇതിൽ ഒരു ഭാഗം കോർപറേറ്റ് നികുതി കുറച്ചുകൊണ്ട് വൻകിടക്കാർക്ക് നൽകിയ 1.45 കോടി ഇളവ് സൃഷ്ടിച്ച ശൂന്യത നികത്താനാണ്–- ചിദംബരം ട്വിറ്ററിൽ പറഞ്ഞു.
ഇന്ധന വിലവർധനയ്ക്ക് ഉത്തരവാദി കേന്ദ്രം മാത്രമാണെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞു.