കോഴിക്കോട്> അത്യാധുനിക നേത്രചികിത്സ ലഭ്യമാക്കാനായി സ്ഥാപിച്ച കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകനും ചെയര്‍മാനുമായ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി കെ കെ ശ്രീധരന് നമ്പ്യാര്‍ എന്ന കെ കെ എസ് നമ്പ്യാര്‍ (96) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
1998ല്‍ കോംട്രസ്റ്റ് കണ്ണാശുപത്രി തുടങ്ങിയത് മുതല്‍ അദ്ദേഹമായിരുന്നു ആശുപത്രി ചെയര്മാന്. മലബാറിലെ ആദ്യകാല ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ ഒരാളായിരുന്ന അദ്ദേഹം 98ല്‍ വര്‍മ ആന്‍ഡ് വര്‍മ എന്ന അക്കൗണ്ടിങ് സ്ഥാപനത്തില്‍നിന്നും വിരമിച്ചു. പിന്നീട് ശിഷ്ട ജീവിതം കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് വേണ്ടി മാത്രമായിരുന്നു. കാഞ്ഞങ്ങാട്, തലശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലും കോംട്രസ്റ്റിന്റെ ആശുപത്രികള്‍ സ്ഥാപിച്ചു; ഗ്രാമാന്തരങ്ങളിലെല്ലാം സബ് സെന്ററുകളും. ആദിവാസികള്‍ക്ക് സൗജന്യ നേത്രചികിത്സ ലഭ്യമാക്കാനായി വയനാട് മുട്ടലില്‍ പ്രത്യേക ആശുപത്രിയും സ്ഥാപിച്ചു.
ഭാര്യ: കാഞ്ഞങ്ങാട് മാവില ചന്ദ്രാവതി. മക്കള്‍: മാവില ശശികല,മാവില കൃഷ്ണന് നമ്പ്യാര്‍, മാവില നാരായണന് നമ്പ്യാര്‍. മരുമകന്: കോംട്രസ്റ്റ് കണ്ണാശുപത്രി ട്രസ്റ്റിയായ അങ്കാരത്ത് നന്ദകുമാര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). സഹോദരങ്ങള്‍: പരേതരായ കെ കെ ചാത്തുക്കുട്ടി നമ്പ്യാര്‍, കെ കെ കല്യാണിക്കുട്ടി അമ്മ.