തിരുവനന്തപുരം
ഹൈക്കമാൻഡിന്റെ പച്ചക്കൊടി ലഭിച്ചതോടെ കെപിസിസി പുനഃസംഘടന ഏകപക്ഷീയമാക്കാൻ ശ്രമം തുടങ്ങിയ നേതൃത്വത്തിനെതിരെ പടയൊരുക്കി എ, ഐ ഗ്രൂപ്പ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ചേരിതിരിവ് പ്രധാന ആയുധമാക്കിയാകും ഗ്രൂപ്പ്യുദ്ധം.
ചക്രസ്തംഭന സമരത്തിൽനിന്ന് വിട്ടുനിന്നും വഴിതടയൽ നീക്കത്തെ എതിർത്തും സുധാകരന്റെ ശൈലിയോടുള്ള അസഹിഷ്ണുത സതീശൻ കഴിഞ്ഞദിവസം പ്രകടിപ്പിച്ചിരുന്നു. സിനിമാ ചിത്രീകരണം തടയൽ തീരുമാനം ഉപേക്ഷിച്ചതും ഈ വിയോജിപ്പ് കൊണ്ടാണ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി സുധാകരൻ നടത്തുന്ന രഹസ്യ അനുനയ നീക്കവും പ്രശ്നം പുകയ്ക്കുന്നുണ്ട്. മുൻ നേതാക്കൾ നിർദേശിച്ച ചിലർ ഭാരവാഹി പട്ടികയിൽ വന്നതും തർക്കത്തിനിടയാക്കി. ഇക്കാര്യം കെ സി വേണുഗോപാലിനെ സതീശൻ അറിയിച്ചതായാണ് സൂചന. അതേസമയം, കെപിസിസി സെക്രട്ടറിമാരായി 300 പേരുള്ള പട്ടികയ്ക്കാണ് രൂപം നൽകിയത്. നേതൃത്വം വേണ്ടപ്പെട്ടവരെ മാത്രം തിരുകിക്കയറ്റി എന്നാണ് ഗ്രൂപ്പുകൾ ആരോപിക്കുന്നുണ്ട്. ആദ്യം കെപിസിസി സെക്രട്ടറിമാരുടെ നിയമനവും അത് കഴിഞ്ഞ് ഡിസിസി, ബ്ലോക്ക് കമ്മിറ്റികളെ ഒരുമിച്ച് പ്രഖ്യാപിക്കുകയും ചെയ്യും.
ബൂത്ത് തലത്തിൽ യൂണിറ്റ് കൂടിയാകുന്നതോടെ മേധാവിത്വം പൂർണമാകുമെന്നും നേതൃത്വം മനപ്പായസമുണ്ണുന്നു. കോൺഗ്രസ് ഭരണഘടനയിലില്ലാത്ത യൂണിറ്റ് രൂപീകരണത്തിനെതിരെ മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ഇവരെ ഒതുക്കാൻ യൂണിറ്റിൽ ചേരാത്തവർ ഒരു ഘടകത്തിലും ഉണ്ടാകില്ലെന്നാണ് ഭീഷണി. എന്നിട്ടും താഴെത്തട്ടിൽ തണുത്ത പ്രതികരണമാണ്. ഒരു മാസം പിന്നിട്ടിട്ടും പത്ത് ശതമാനം ബൂത്തിൽ പോലും കമ്മിറ്റി ആയിട്ടില്ല. തെരഞ്ഞെടുപ്പ് തടയാൻ ഏത് തന്ത്രവും പുറത്തെടുക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. പ്രസിഡന്റ് പദവി താൽക്കാലികമാണെന്ന ബോധ്യമാണ് അതിനുപിന്നിൽ. ഇതോടെയാണ് പരസ്യപ്പോരിന് ഗ്രൂപ്പുകൾ കച്ചമുറുക്കുന്നത്. നിയമസഭ പിരിഞ്ഞതിനാൽ വരുംദിവസങ്ങളിൽ യുദ്ധസമാനമാകും കോൺഗ്രസിലെ കാര്യങ്ങൾ.