കൽപ്പറ്റ
ഛർദിക്കും വയറിളക്കത്തിനും കാരണമാകുന്ന നോറോ വൈറസ് ബാധ വയനാട്ടിലും. പൂക്കോട് വെറ്ററിനറി കോളേജിലെ 13 വിദ്യാർഥിനികൾക്കാണ് രോഗം സ്ഥീരികരിച്ചത്. എല്ലാവരും രോഗമുക്തരായി. രണ്ടാഴ്ച മുമ്പാണ് രോഗബാധിതരായത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഫലം ലഭിച്ചത്. ഭയപ്പെടാനില്ലെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തിൽ ഭേദമാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.
വയറിളക്കം, വയറുവേദന, ഛർദി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുക. രോഗികളുടെ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരാം. പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിൽ താമസിച്ചിരുന്നവരാണ് രോഗബാധിതരായത്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.