തിരുവനന്തപുരം
പൊതുഗതാഗതം ശക്തിപ്പെടുത്താൻ 2016മുതൽ 2021വരെ കെഎസ്ആർടിസി 101 ബസ് വാങ്ങിയതായി ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. 2020–-21 ലെ ബജറ്റിൽ വകയിരുത്തിയ 50 കോടി ഉപയോഗിച്ച് 460 ബസ് വാങ്ങുന്നത് അന്തിമഘട്ടത്തിലാണ്. ഇതിൽ 310 സിഎൻജി ബസും 50 ഇലക്ട്രിക് ബസുമുണ്ട്.
3000 ഡീസൽ ബസ് സിഎൻജിയിലേക്ക് മാറ്റാൻ പ്രാരംഭനടപടിയായി. 400 ഡീസൽ ബസും മാറ്റും. 2018മുതൽ 10 എസി ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്തിരുന്നു. കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ വിമുഖത പരിഗണിച്ച് ഇവയുടെ വാടകക്കരാർ റദ്ദാക്കും.
കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം പൂർണമായി സർക്കാരാണ് നൽകുന്നത്. 2020 നവംബർ മുതൽ ഇടക്കാലാശ്വാസമായി 1500 രൂപ വീതവും 2021 മാർച്ച് മുതൽ 14 ശതമാനം ക്ഷാമബത്തയും അനുവദിച്ചു. കെഎസ്ആർടിസി കൊമേഴ്സ്യൽ വിഭാഗം രൂപീകരിച്ചശേഷം മൂന്നുമാസംകാെണ്ട് നാലു കോടിയിലധികം അധികവരുമാനം സമാഹരിച്ചതായും മന്ത്രി പറഞ്ഞു.