തിരുവനന്തപുരം
പ്രളയ പ്രവചന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു. കേന്ദ്ര ജലകമീഷൻ 2017വരെ 217 പ്രളയ പ്രവചന കേന്ദ്രം രാജ്യത്ത് സ്ഥാപിച്ചപ്പോൾ ഒന്നുപോലും കേരളത്തിൽ ഇല്ലെന്ന് സിഎജി റിപ്പോർട്ട്. വ്യാഴാഴ്ച നിയമസഭയിൽ സമർപ്പിച്ച ‘കേരളത്തിലെ പ്രളയങ്ങൾ–-മുന്നൊരുക്കവും പ്രതിരോധവും’ സിഎജി റിപ്പോർട്ടിലാണ് ഈ വിവരം.
2018ലെ പ്രളയങ്ങൾക്കുശേഷമാണ് മൂന്ന് ജലനിരപ്പ് പ്രവചന കേന്ദ്രവും രണ്ട് നീരൊഴുക്ക് പ്രവചന കേന്ദ്രവും സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. പ്രളയസമതല മേഖല തിരിക്കാനുമുള്ള നിയമ നിർമാണം വേണമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് പ്രളയത്തിലെ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കും. പ്രളയ സമതല മേഖല തിരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സംസ്ഥാനം കേന്ദ്ര ജലവിഭവ മന്ത്രാലയത്തെ 2013ൽ അറിയിച്ചിരുന്നു. നിയമ നിർമാണത്തിന് വെല്ലുവിളിയുണ്ടാകാമെങ്കിലും 44 പ്രധാന നദികളുമായി ബന്ധപ്പെട്ട പ്രളയ സമതല മേഖലകൾ നിർണയിക്കുന്നതിനും നഗരവൽക്കരണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായുള്ള തലം നിശ്ചയിക്കുന്നതിന് നടപടി തുടങ്ങമെന്നും റിപ്പോർട്ടിൽ പറയുന്നു. 2008ൽ തയ്യാറാക്കിയ സംസ്ഥാന ജലനയം പിന്നീട് പുതുക്കിയില്ല. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ജലനയത്തിൽ ഇല്ലായിരുന്നു.
പെരിയാറിലെ മഴമാപിനിയുടെ കുറവ്, മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കൽ, അണക്കെട്ടുകളും സർക്കാർ ഓഫീസുകളും ഉൾപ്പെട്ട മേഖലകളിൽ ആശയ വിനിമയത്തിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും റിപ്പോർട്ടിന്റെ ഭാഗമാണ്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ ജലസംഭരണികളിൽ എക്കൽ അടിഞ്ഞിട്ടുണ്ട്. അരുവിക്കരയിൽ 43 ശതമാനം, മംഗലത്ത് 21.98, പേപ്പാറയിൽ 21.70 ശതമാനവും എക്കലുണ്ട്. മംഗലത്ത് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി. മറ്റിടങ്ങളിൽ ഇത് ആരംഭിക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റവന്യൂ വരുമാനവും ചെലവും ഉയർന്നു
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം അഞ്ചുവർഷത്തിൽ 31 ശതമാനം ഉയർന്നതായി ‘സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട്’ പറയുന്നു. 2015–-16ൽ 69,033 കോടി രൂപയായിരുന്നത് 2019–-20ൽ 90,225 കോടിയായി. നികുതി വരുമാനം റവന്യൂ വരുമാനത്തിന്റെ 56 ശതമാനമായി. റവന്യൂ ചെലവ് 33 ശതമാനം ഉയർന്നു.
2015–-16ൽ 78,690 കോടിയായിരുന്നത് 2019–-20ൽ 1,04,720 കോടി രൂപയായി. ആകെ ചെലവിന്റെ 89 മുതൽ 92 ശതമാനംവരെ റവന്യൂ ചെലവായി. മൂലധന ചെലവും ഉയർന്നു. 2015–-16ൽ 7,500 കോടി. 2019–-20ൽ 8,455 കോടിയും. സാമൂഹ്യസുരക്ഷാ പെൻഷൻ ബോർഡുവഴി പെൻഷൻ വിതരണത്തിനായി സമാഹരിച്ച 6844 കോടിരൂപയും കിഫ്ബിവഴി സമാഹരിച്ച 1930 രൂപയും ബജറ്റിനുപുറത്തുള്ള കടമെടുപ്പായാണ് സിഎജി കാണുന്നത്.