കൊച്ചി
പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പ്രചരിച്ച വീഡിയോ വീണ്ടും ചർച്ചയാകുന്നു. കോൺഗ്രസിന്റെ മുൻ പ്രാദേശിക നേതാവിന്റെ കുടുംബാംഗമായ സ്ത്രീ പ്രതിപക്ഷനേതാവിനെതിരെ മോശം പരാമർശങ്ങൾ നടത്തുന്ന വീഡിയോയാണ്, അദ്ദേഹത്തിന്റെ പരാതിയെ തുടർന്ന് വീണ്ടും ചർച്ചയായത്.
നവംബർ അഞ്ചിനാണ് ആദ്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അബദ്ധം പറ്റിയതാണെന്ന വിശദീകരണത്തോടെ പുതിയ വീഡിയോയുമായി സ്ത്രീ രംഗത്തുവന്നു. ഒരു വ്യക്തി പ്രേരിപ്പിച്ചതുകൊണ്ടാണ് ആദ്യ വീഡിയോ ചെയ്തതെന്ന് രണ്ടാമത്തെ വീഡിയോയിൽ പറയുന്നു. അതോടെ ഈ വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയുംകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. എല്ലാവർക്കുമെതിരെ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
പ്രതിപക്ഷനേതാവിന്റെ അടുത്ത അനുയായിയായിരുന്ന മുൻ പ്രാദേശിക നേതാവിന്റെ കുടുംബാംഗംതന്നെയാണ് വിവാദ വീഡിയോയും തിരുത്തുവീഡിയോയുമായി രംഗത്തുവന്നത്. പ്രേരിപ്പിച്ചെന്നു പറയുന്നയാളെ കോൺഗ്രസ് നേരത്തേ പുറത്താക്കിയിരുന്നു.