ന്യൂഡൽഹി
കേന്ദ്ര ട്രേഡ്യൂണിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ കർഷകസമരത്തിന്റെയും പൊതുപണിമുടക്കിന്റെയും വാർഷികത്തിൽ 26ന് രാജ്യമുടനീളം കൂറ്റൻപ്രകടനങ്ങൾ സംഘടിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ട് ദിവസം രാജ്യവ്യാപക പൊതുപണിമുടക്ക് നടത്തും. ഡിസംബർ–-ജനുവരിയിൽ സംസ്ഥാന, ജില്ലാ, മേഖലാ തലങ്ങളിൽ റാലികളും പ്രകടനങ്ങളും ജാഥകളും ധർണകളും നടത്താനും തൊഴിലാളി ദേശീയ കൺവൻഷൻ തീരുമാനിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ, കർഷകവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങൾക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കൺവൻഷൻ ആഹ്വാനംചെയ്തു. സംയുക്ത കിസാൻ മോർച്ച നേതാക്കളും കർഷകരും കൺവൻഷനിൽ പങ്കെടുത്തു. കർഷക–-തൊഴിലാളി ഐക്യ പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചു.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ സാധാരണക്കാരുടെ ഉപജീവനം ബുദ്ധിമുട്ടിലാക്കിയതിന് പുറമെ രാജ്യസമ്പദ്ഘടനയെയും പ്രതിസന്ധിയിലാക്കി. വിദേശ, സ്വകാര്യ കോർപറേറ്റുകളുടെ പൂർണപിന്തുണയോടെ രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയ തകർക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സമ്പദ്ഘടനയെയും ജനാധിപത്യസംവിധാനത്തെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളായ ഹേമലത, തപൻസെൻ (സിഐടിയു), സഞ്ജയ്സിങ്(ഐഎൻടിയുസി), സുകുമാർ ദാമ്ലെ (എഐടിയുസി), രാജാശ്രീധർ (എച്ച്എംഎസ്), രമേശ്പരാശർ (എഐയുടിയുസി), ശിവശങ്കർ( ടിയുസിസി), ഫരിദാജലിസ് (സേവാ), ശൈലേന്ദ്രശർമ (എഐസിസിടിയു), ആർ കെ മൗര്യ (എൽപിഎഫ്), നസീംഹുസൈൻ (യുടിയുസി) തുടങ്ങിയവർ അഭിസംബോധന ചെയ്തു.
കർഷക നേതാക്കളായ അശോക്ധാവ്ളെ, ഹന്നൻമൊള്ള, പി കൃഷ്ണപ്രസാദ്, വിജുകൃഷ്ണൻ, ദർശൻപാൽ, സിഐടിയു ദേശീയസെക്രട്ടറി എ ആർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.