തിരുവനന്തപുരം
പെട്രോളിയം നികുതി കുത്തനെ കൂട്ടിയ കേന്ദ്രം തന്നെ വില കുറയ്ക്കട്ടെയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പെട്രോളിനും ഡീസലിനും 30 രൂപയാണ് അധികസെസ്സായി ചുമത്തിയത്. എന്നാൽ കുറച്ചതാകട്ടെ പത്തും അഞ്ചും രൂപ മാത്രം. ആനുപാതികമായി കേരളവും കുറച്ചു. അധിക സെസിലൂടെ കൊള്ള നടത്തുന്ന കേന്ദ്ര സമീപനം സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമാണുണ്ടാക്കുന്നത്. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ഉള്ള വരുമാനംകൂടി ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രം പിരിക്കുന്നത്ര നികുതി കേരളം പിരിക്കുന്നില്ല.
പെട്രോളിന് 32.50 ശതമാനവും ഡീസലിന് 31.8 ശതമാനവുമാണ് കേന്ദ്രം പിരിക്കുന്നത്. കേരളം 30.8 % –- 22.76 % എന്ന നിരക്കിലും 2011–-16 കാലത്ത് ഉമ്മൻചാണ്ടി സർക്കാർ നാല് പ്രാവശ്യം നാമമാത്ര കുറവുവരുത്തിയെങ്കിലും 13 തവണ നികുതി വർധിപ്പിച്ചു. 2011ൽ നികുതി 24.75 ശതമാനം ആയിരുന്നത് ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ 31.8 ആയി. 2016ൽ വന്ന ഒന്നാം പിണറായി സർക്കാർ നികുതി വർധിപ്പിച്ചില്ലെന്നുമാത്രമല്ല കുറയ്ക്കുകയും ചെയ്തു. 1500 കോടിരൂപ നികുതിവരുമാനമാണ് നഷ്ടമായത്. കോവിഡ്കാലത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി കൂട്ടി. കേരളം അതും ചെയ്തില്ല.
അഞ്ചു രൂപവരെ കോവിഡ് സെസ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ട്. രാജസ്ഥാനിൽ നാല് ശതമാനം വർധിപ്പിച്ചു. കേന്ദ്ര നിലപാടിനെതിരെ ഒന്നിച്ചുനിൽക്കേണ്ട സമയത്ത് പ്രതിപക്ഷം അവരെ സഹായിക്കുന്നത് ശരിയല്ലെന്നും കെ ബാബുവിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.