ചെന്നൈ
മരം ഒടിഞ്ഞുവീണ് അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി കൊണ്ടുപോയ ടിപി ഛത്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേശ്വരി താരമായി. ചെന്നൈ കീഴ്പാക്കം ശ്മശാനത്തിലെ ജോലിക്കാരനായ ഉദയകുമാറി (28)നെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഉദയകുമാർ മരത്തിനടിയിൽപ്പെട്ടതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ രാജേശ്വരിയും സംഘവും കനത്തമഴയ്ക്കിടയിലും ഇയാളെ പുറത്തെടുത്തു. ജീവനുണ്ടെന്ന് മനസ്സിലായതോടെ ഉദയകുമാറിനെ രാജേശ്വരി തോളിൽ ചുമന്ന് അതുവഴിവന്ന ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. ഉദയകുമാർ കീഴ്പാക്കം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.