കൊച്ചി > സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമായ സിനിമ ‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസ് ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. എന്നാൽ പ്രദർശനം തടഞ്ഞിട്ടില്ല.
ചിത്രം സുകുമാരക്കുറുപ്പിന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. എറണാകുളം പോണേക്കര സ്വദേശി സെബിൻ തോമസ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇന്റർപോൾ, നിർമാതാക്കളായ വെഫെയറർ ഫിലിംസ്, എം സ്റ്റാർ എന്റർപ്രൈസസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. കുറ്റവാളികളുടെ അവകാശങ്ങൾ സർക്കാരിൽ നിക്ഷിപ്തമാണെന്നും സംരക്ഷിക്കാൻ ഭരണനേതൃത്വങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.