തിരുവനന്തപുരം > പഞ്ചായത്തുകള്‍ക്ക് പെറ്റിവര്ക്കുകള്ക്ക് അനുവദിക്കാവുന്ന 10000 രൂപയുടെ പരിധി വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് നിയമസഭയില്‍ പറഞ്ഞു. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പെറ്റിവര്ക്കുകള് ചെയ്യുന്നതിന് നിലവില്‍ പഞ്ചായത്തുകള്‍ക്ക് 10000 രൂപ ചെലവഴിക്കാനുള്ള അധികാരമുണ്ട്. ആ പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തെ അനുകൂലമായാണ് കാണുന്നത്. പഞ്ചായത്ത് പ്രസിഡന്റിന് അടിയന്തര സാഹചര്യത്തില്‍ ആവശ്യമുള്ളതും പൊതുജനങ്ങളുടെ സംരക്ഷണത്തിന് പെട്ടെന്ന് നടത്തേണ്ടതോ പണിക്കുള്ള ചിലവുകള്‍ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും നല്‍കേണ്ടതാണെന്ന് നിര്‍ദേശിക്കാം. എന്നാല്‍, ഏതെങ്കിലും പണി നടത്തുന്നതോ, പ്രവൃത്തി ചെയ്യുന്നതോ നിരോധിച്ചുള്ള പഞ്ചായത്തിന്റെ തീരുമാനം നിലവിലുണ്ടെങ്കില്‍ ഉപവകുപ്പ് പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അത്തരം സാഹചര്യത്തില്‍ ഉപവകുപ്പ് എടുത്ത നടപടിയും അതിനുള്ള കാരണവും അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകാരം വാങ്ങേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരം അടിയന്തര സ്വഭാവമുള്ള പൊതുമരാമത്ത് പണികള്‍ക്ക് ടെണ്ടര്‍ നിര്‍ബന്ധമില്ലെന്നും അത്തരം ജോലികള്‍ ഷോര്‍ട്ട് നോട്ടീസ് ക്വട്ടേഷന്‍ മുഖേനയോ പഞ്ചായത്തിന് നേരിട്ടോ നടത്താവുന്നതാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.