തിരുവനന്തപുരം> കേരളത്തിന്റെ വികസനം തടയുന്ന കാര്യത്തില്‍ ബിജെപിയോട് കോണ്‍ഗ്രസ് സമരസപ്പെടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. ബിജെപിയുടേത് പോലെ അക്രമോത്സുകമായ രീതിയില്‍ കാര്യങ്ങള്‍ നീക്കുക എന്ന ശൈലിയിലേയ്ക്ക് കോണ്‍ഗ്രസ് മാറിയെന്നും വിജയരാഘവന് മാധ്യമങ്ങളോട് വ്യക്തമാക്കി.
നടന് ജോജു ജോര്‍ജുമായി ബന്ധപ്പെട്ട സംഭവം നമ്മള് കണ്ടു. എന്നാല്‍ പിന്നീടതിനെ പൂര്‍ണമായി ന്യായീകരിക്കുകയായിരുന്നു കോണ്‍ഗ്രസ്. എംഎഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തെ അക്രമിക്കുന്ന രീതിയില്‍ ബിജെപി പ്രവര്‍ത്തിച്ചു. പല സിനിമകള്‍ക്കെതിരേയും ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ അക്രമമുണ്ടായി. അതേ ശൈലി കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നു. ജോജുവിന്റെ ചിത്രം റീത്തില്‍ ഒട്ടിച്ചുവച്ചാണ് കോണ്‍ഗ്രസിന്റെ ഭീഷണി. അക്രമ കാര്യത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് ശിഷ്യപ്പെടുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സെമി സ്പീഡ് റെയില്‍വേയുടെ കാര്യത്തില്‍ പൂര്‍ണമായും ബിജെപി നിലപാടായിരുന്നു കോണ്‍ഗ്രസിന്. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിലും അതേ നിലപാട് തന്നെ. വികസന കാര്യത്തില്‍ ഹിതപരിശോധന നടത്തിയാണ് ഇടതുപക്ഷ സര്‍ക്കാരിനെ ജനം തെരഞ്ഞെടുത്തതെന്നും വി ഡി സതീശന് വിജയരാഘവന് മറുപടി നല്കി.
കേന്ദ്രത്തിന്റ തെറ്റായ നയത്തെ കേരളത്തിലെ കോണ്‍ഗ്രസ് പിന്താങ്ങും എന്ന രീതി അവര്‍ സ്വീകരീച്ചിരിക്കുകയാണ്. കേന്ദ്ര വിലക്കയറ്റ ത്തിനെതിരെ 16-ാം തീയതി 210 കേന്ദ്രങ്ങളില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 40,000ത്തിലധികം ജനപ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുമാണ് 16 -ാം തീയതി രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയുള്ള സമരത്തില്‍ പങ്കെടുക്കുക. സമരത്തിന് 5 ലക്ഷം പേരുടെ അഭിവാദ്യപ്രകടനങ്ങള്‍ വിവിധ സന്ദര്ഭത്തിലുണ്ടാകും.
ഇന്ധനത്തിന്റെ വില കൂട്ടുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ ഇനി സ്ഥിരം സൈക്കിളിലാണോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം വര്‍ധിപ്പിച്ചത് മുഴുവന്‍ കുറക്കണമെന്ന സിപിഐ എം നിലപാട് കോണ്‍ഗ്രസിനുണ്ടോ?. നരേന്ദ്രമോഡിക്ക് അനുകൂലമായ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് എടുക്കുന്നത്. എല്ലാ കാലത്തും അവര്‍ ആ നിലപാട് തന്നെ എടുത്തു. നരേന്ദ്രമോഡിയെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷത്തോടുള്ള സ്നേഹം കൊണ്ട് വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതില്‍ നല്ല വൈദഗ്ദ്ധ്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നും വിജയരാഘവന് പരിഹസിച്ചു
ഇന്ധനത്തിന്റെ നികുതി ഇതുവരെ കേരളം വര്‍ധിപ്പിച്ചിട്ടില്ല. ഇടതുപക്ഷം ഒരു സെസും പെട്രോളിയം ഉല്‍പ്പനത്തിന് മേല്‍ ചുമത്തിയിട്ടില്ല. ജനത്തെ പൂര്‍ണമായി ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരാണിത്. ജനത്തിന്റെ മേല്‍ ഒരു രൂപയുടെ അധിക നികുതിയും വര്‍ധിപ്പിക്കാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.
വ്യക്തമായ നിലപാട് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമയി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടെന്നും അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു