കൊച്ചി: തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരെന്ന് മോൻസണെതിരായി പീഡനപരാതി ആരോപിച്ച പെൺകുട്ടിയുടെ സുഹൃത്ത്. വൈദ്യപരിശോധന നടത്തിയ മുറിയിൽ നിന്ന്ഇറങ്ങി ഓടുകയായിരുന്നുവെന്നും തങ്ങൾ പറഞ്ഞാണ് പോലീസ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും പെൺകുട്ടിയുടെ സുഹൃത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മോൻസൺ പ്രതിയായ പോക്സോ കേസിലെ പെൺകുട്ടിയുടെ വൈദ്യ പരിശോധന തടസപ്പെടുത്തിയത് വനിതാപോലീസാണെന്നും പരിശോധനയ്ക്കിടെ വനിതാ പോലീസ് മുറിക്കുള്ളിലേക്ക് ചെല്ലുകയും പരിശോധന തടസ്സപ്പെടുത്തി പെൺകുട്ടിയെ അവിടെ നിന്ന്കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റിന്റെ ആരോപണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെൺകുട്ടിയുടെ സുഹൃത്ത്. അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേ കേസെടുക്കയും ഇവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
പരിശോധനക്ക് എത്തുന്ന ഒരാൾ ആശുപത്രിയിൽ നിന്നും വെറുതേ ഇറങ്ങി ഓടില്ലല്ലോ. ഒന്നുകിൽ മാനസിക രോഗമായിരിക്കണം. അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നമായിരിക്കണം. ഒരാളാണ് ഇറങ്ങി ഓടിയതെങ്കിൽ മാനസിക രോഗമാണെന്ന് പറയാമായിരുന്നു. ഞങ്ങൾ രണ്ട് പേരും വെറുതേ അവിടെ നിന്നും ഇറങ്ങി ഓടില്ലല്ലോ. ഡോക്ടർമാർ ഇപ്പോൾ മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പറയുന്നത്. ലേബർ റൂമിനുള്ളിൽ സി.സി.ടി.വി ഉണ്ടാകില്ലെന്ന ഉറപ്പുള്ളത് കൊണ്ടാണ് അവർ ഇത്ര ധൈര്യത്തിൽ സി.സി.ടി.വി പരിശോധിക്കാൻ ആവശ്യപ്പെടുന്നത്.തടിതപ്പാനുള്ള ശ്രമം മാത്രമാണ് ഡോക്ടർമാർ നടത്തുന്നത്. ഞങ്ങളെ ലേബർ റൂമിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഡോക്ടർമാർ മോൻസണ് അനുകൂലമായി സംസാരിക്കുകയും മോൻസണിന്റെ മകൻ അവിടെ പഠിക്കുന്ന കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു. ഞങ്ങളോട് ഇതൊന്നും പറയേണ്ട കാര്യമില്ല. ഇതൊക്കെ കേട്ടപ്പോൾ ഞങ്ങൾക്ക് അവരോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറയുകയായിരുന്നു. ഇതിനെക്കാൾ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി കൊടുക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം, പെൺകുട്ടിയുടെ സുഹൃത്ത് പറഞ്ഞു.
ലേബർ റൂം അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നെ എങ്ങനെയാണ് പോലീസുകാർ അവിടെ വന്ന് ഞങ്ങളെ കൊണ്ടുപോയി എന്ന് പറയുക?മറ്റൊരു ഡോക്ടർ ഞങ്ങൾക്ക് വട്ടംനിൽക്കുകയുമായിരുന്നു. ഞങ്ങൾ പുറത്തിറങ്ങി പോലീസിനോട് വിവരം പറഞ്ഞ ശേഷമാണ് അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഞങ്ങളുടെ ഭാഗത്താണ് ശരി എന്നുള്ളതുകൊണ്ടാണ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകുന്നതെന്നും സുഹൃത്ത് പറഞ്ഞു.
അതേസമയം,പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടർ മോൻസണിന് അനുകൂലമായി സംസാരിച്ചുവെന്നു പറയുന്നത് ശരിയല്ലെന്ന് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റ് സെക്രട്ടറി ഡോ. ഫൈസൽ അലി പറഞ്ഞു. മോൻസൺന്റെ മകൻ കോളേജിൽ പഠിക്കുന്നുണ്ട് എന്ന് ഡോക്ടർ അറിയുന്നത് ഈ സംഭവത്തിന് ശേഷമാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരേ ഇപ്പോൾ ഇരയായ പെൺകുട്ടി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും പോലീസോ മോൻസണുമായി ബന്ധമുള്ള മറ്റ് ഉന്നതരോ കുട്ടിയെ ഭീഷണിപ്പെടുത്തിയായിരിക്കാം ഇത്തരത്തിലൊരു പരാതി നൽകിയതെന്നും ഡോ. ഫൈസൽ അലി ആരോപിക്കുന്നു.
Content Highlights: Monson sexual abuse case