കേരളത്തിൽ ചുവടുറപ്പിക്കാൻ ദീർഘകാല പദ്ധതികളുമായി സംഘപരിവാർ. സിപിഎം സ്വാധീനമുറപ്പിച്ച കുടുബശ്രീക്ക് ബദലായി ബിജെപി-ആർഎസ്എസ് മുന്നോട്ടുവെച്ച അക്ഷയശ്രീയിലൂടെ ന്യൂനപക്ഷവിഭാഗത്തിന്റെ സഹകരണവും വോട്ടുമാണ് സംഘപരിവാർ ശക്തികൾ ലക്ഷ്യമിടുന്നത്. അക്ഷയശ്രീയുടെ തുടർച്ചയായി സമൃദ്ധി സൂപ്പർമാർക്കറ്റ് ശൃംഖലയും വിപുലമാക്കുന്നു.
ശബരിമല വിഷയം, ലൗ ജിഹാദ്, സാമുദായിക മുതലെടുപ്പുകൾ തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് പലതന്ത്രങ്ങളും പയറ്റിയിരുന്നെങ്കിലും കയ്യിലുണ്ടായിരുന്ന സീറ്റ് പോലും ബിജെപിക്ക് നിലനിർത്താനായിരുന്നില്ല. 35 സീറ്റിൽ വിജയിച്ച് ഭരണം നേടുമെന്നാണ് സംസ്ഥാന നേതാക്കളെല്ലാം തിരഞ്ഞെടുപ്പുകാലത്ത് ആവർത്തിച്ചത്. 2016ൽ നേമം നേടിക്കൊണ്ട് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് അത്രയേറെയായിരുന്നു ആത്മവിശ്വാസം. എന്നാൽ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു. നേമവും കൈവിട്ട് ബിജെപി തകർന്നടിയുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാതെ ഒരു വിജയവും നേടാനാവില്ലെന്ന് അതോടെ ബിജെപി തിരിച്ചറിഞ്ഞു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും വോട്ട് വിഭജനവും പാർട്ടിയിലെ വിഭാഗീയതയുമാണ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായതെന്നാണ് ബിജെപി വിവിധ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ വിലയിരുത്തിയത്.
കേരളം നേടണമെങ്കിൽ അടിത്തട്ട് മുതൽ തുടങ്ങണമെന്ന തിരിച്ചറിവ് അപ്പോഴാണ് ബിജെപി ക്യാമ്പിലുയർന്നത്. കുടുംബശ്രീ യൂണിറ്റുകളിലൂടെ അടിത്തട്ടിൽ ശക്തമായ പാർട്ടി അടിത്തറ കെട്ടിപ്പടുക്കുന്നതിൽ സിപിഎമ്മിന്റെ വിജയഗാഥ സംസ്ഥാന ബിജെപി-ആർഎസ്എസ് വിഭാഗങ്ങൾക്ക് പ്രചോദനമായി. 1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായി ആരംഭിച്ച കുടുംബശ്രീ ക്രമേണ സിപിഎമ്മിന്റെ ശക്തമായ പ്രവർത്തന കേന്ദ്രമായി മാറുകയായിരുന്നു.
കുടുംബശ്രീയിൽ ചേർന്ന ആയിരക്കണക്കിന് ആർഎസ്എസ്- ബിജെപി പ്രവർത്തകർ ക്രമേണ സിപിഎമ്മിന്റെ കടുത്ത അനുഭാവികളായി മാറി. വാസ്തവത്തിൽ ബിജെപിയുടെ കണ്ണുതുറപ്പിക്കുന്നായിരുന്നു ഈ മാറ്റം. ബിജെപി പ്രവർത്തകരെ ചോർത്തിയെടുത്ത അതേരീതിയിൽ സിപിഎമ്മിന് മറുപടി നൽകുക എന്ന ഉദ്ദേശത്തോടെയാണ് അക്ഷയശ്രീ സംഘങ്ങൾക്ക് രൂപംനൽകിയതെന്നാണ് ബിജെപി നേതാക്കളിലൊരാൾ മാതൃഭൂമിയോട് പ്രതികരിച്ചത്.
ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ ഉത്തരേന്ത്യൻ മാതൃക മതിയാകില്ലെന്ന വ്യക്തമായ തിരിച്ചറിവ് സംഘപരിവാറിനുണ്ട്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായസാമൂഹിക ഘടനയാണ് കേരളത്തിലുള്ളതെന്ന തിരിച്ചറിവിലാണ് നൂതനപദ്ധതികളുമായി ബിജെപിയും ആർഎസ്എസും രംഗത്തെത്തിയത്.ഒരുപക്ഷെ രാജ്യത്ത് എവിടേയും ബിജെപിയോ ആർഎസ്എസ്സോ പരീക്ഷിക്കാത്ത ഒരു ശൈലിയാവാം ഇത്.സ്വയം സഹായ സംഘങ്ങളിലൂടെ പാർട്ടിയെ ആശ്രയിക്കുന്നത് വർധിപ്പിക്കുക എന്ന ശൈലി ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നതും ഉറച്ച വോട്ടുബാങ്ക് രൂപപ്പെടുത്തുന്നതുമായേക്കാം.
എന്താണ് അക്ഷയശ്രീ? എന്താണ് സഹകാർ ഭാരതി?
ബിജെപിയുടെ ഏറ്റവും വലിയ സഹകരണ ശൃംഖലയായ സഹകാർ ഭാരതിയുടെ ഭാഗമാണ് അക്ഷയശ്രീ. 1978-ൽ ആർ.എസ്.എസ് പ്രവർത്തകരായ ലക്ഷ്മണറാവു ഇനാംദറും മാധവ് റാവു ഗോഡ്ബോലെയും ചേർന്നാണ് സഹകാർ ഭാരതി ആരംഭിച്ചത്. 2001-ലാണ് കേരളത്തിൽ സഹകർ ഭാരതി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ സഹകാർ ഭാരതിക്ക് ആറ് യൂണിറ്റുകൾ, മഹിളാ സെല്ലുകൾ, സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജി), ഡയറി, ക്ഷീര കർഷക സെൽ എന്നിവയുണ്ട്. ക്രെഡിറ്റ് സെൽ, മത്സ്യത്തൊഴിലാളി സെൽ, തൊഴിലാളി സെൽ എന്നിവ കൂടിയുണ്ട്. അക്ഷയശ്രീ, ഗ്രാമീണ സമൃദ്ധി സ്റ്റോറുകൾ എന്നിവ സ്വയം സഹായ സംഘങ്ങളുടെ കീഴിലാണ് വരുന്നത്.
സ്വയംസഹായ സംഘങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനായി 2010-ൽ തൃശ്ശൂരിൽ അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷൻ രൂപവത്കരിച്ചു. 2011ലാണ് സംസ്ഥാനത്ത് ആദ്യമായി അക്ഷയശ്രീ യൂണിറ്റ് രൂപവത്കരിച്ചത്. പത്ത് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്ത് നിലവിൽ 7800 അക്ഷയശ്രീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 2024ഓടെ 25,000 യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കാനാണ് അക്ഷയശ്രീ മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളമുള്ള അക്ഷയശ്രീകളിൽ രണ്ട് ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന് ബന്ധപ്പെട്ട നേതാക്കൾ പറയുന്നു. മൊത്തം അംഗങ്ങളിൽ ആറ് ശതമാനം ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരും 1.25 ലക്ഷം അംഗങ്ങൾ സ്ത്രീകളുമാണ്.
പടപ്പക്കര അക്ഷയശ്രീ യൂണിറ്റിലെ അംഗങ്ങൾ
അക്ഷയശ്രീ യൂണിറ്റുകൾക്ക് നേതൃത്വം നൽകാൻ ന്യൂനപക്ഷ സമുദായാംഗങ്ങൾ
കൊല്ലം പടപ്പക്കര സ്വദേശി ക്രിസ്തുദാസ് (58) ആണ് തന്റെ പ്രദേശത്തെ അക്ഷയശ്രീ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇവിടെയുള്ള അഞ്ച് അക്ഷയശ്രീ യൂണിറ്റുകളും ക്രിസ്ത്യാനികൾ മാത്രമാണ് നടത്തുന്നത്. 75ഓളം ക്രിസ്ത്യൻ അംഗങ്ങളാണ് യൂണിറ്റുകളിലുള്ളത്. കൊല്ലം കൂട്ടിക്കടയിലുള്ള മറ്റൊരു അക്ഷയശ്രീ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് നടത്തുന്നത്. സമാനമായി ന്യൂനപക്ഷ സമുദായാംഗങ്ങൾ നടത്തുന്ന നിരവധി അക്ഷയശ്രീ യൂണിറ്റുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.
അക്ഷയശ്രീയിലൂടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുവെന്നാണ് ക്രിസ്തുദാസ് പറയുന്നത്. ഈ പ്രദേശത്ത് വികസനവും ക്ഷേമപ്രവർത്തനങ്ങളുമില്ലാതെ വർഷങ്ങളായി സിപിഎമ്മും കുടുംബശ്രീയും ഇവിടെയുള്ള ജനങ്ങളെ കൊള്ളയടിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവിടെ അക്ഷയശ്രീ യൂണിറ്റ് രൂപവത്കരിക്കാൻ ഞാൻ മുൻകൈയെടുത്തത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ ഇവിടെ അക്ഷയശ്രീയുടെ അഞ്ച് യൂണിറ്റുകൾ രൂപവത്കരിച്ചു. അംഗങ്ങൾക്കെല്ലാവർക്കും കുറഞ്ഞ പലിശ നിരക്കിൽ ഞങ്ങളുടെ ആവശ്യങ്ങൾക്കായി വായ്പകൾ ലഭിക്കുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നല്ല പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ഇപ്പോൾ അക്ഷയശ്രീയിലൂടെ വിവിധ സംരംഭങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.
അക്ഷയശ്രീയിൽ ചേർന്നതിന് ശേഷം കുടുംബശ്രീയിൽ ചേരാൻ നിർബന്ധിച്ച് പ്രാദേശിക സിപിഎം പ്രവർത്തകർ ക്രിസ്തുദാസിനെ ബന്ധപ്പെട്ടിരുന്നു. കുടുംബശ്രീയോ സിപിഎമ്മോ ഞങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്തതിനാൽ അതിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ക്രിസ്തുദാസ് പറഞ്ഞു.
തൃപ്പുണിത്തുറയിലെ സമൃദ്ധി സ്റ്റോർ
സമൃദ്ധി സ്റ്റോർ- അക്ഷയശ്രീ നേതൃത്വത്തിലുള്ള സൂപ്പർ മാർക്കറ്റ്
അക്ഷയശ്രീ അംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്ന മറ്റൊന്നാണ് സമൃദ്ധി സ്റ്റോർ. എറണാകുളത്ത് തൃപ്പൂണിത്തുറയിലെ പേട്ട മെട്രോ സ്റ്റേഷന് സമീപം സമൃദ്ധി സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 60 സൂപ്പർ മാർക്കറ്റുകൾ സംസ്ഥാനത്തുടനീളം ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിലെ സമൃദ്ധി സ്റ്റോറിന് പറയാനുള്ളത് ഒരു വിജയഗാഥയാണ്. സംസ്ഥാനത്തെ വിവിധ അക്ഷയശ്രീ യൂണിറ്റുകളുടെ പ്രവർത്തനത്തെ കുറിച്ച് കേട്ടതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 2019ലാണ് 11 അംഗങ്ങളുമായി അക്ഷയശ്രീ യൂണിറ്റിന് തുടക്കം കുറിച്ചതെന്ന് സമൃദ്ധി സ്റ്റോർ മേൽനോട്ട ചുമതയുള്ള മാറാട് അക്ഷയശ്രീ റീജിണൽ ഫെഡറേഷൻ ട്രഷറർ ജയദാസ് കെ.എസ് പറഞ്ഞു. ജയദാസ്, ഉണ്ണികൃഷ്ണൻ, എം മോഹനൻ, ജയൻ, രാജീവ് എന്നിവരായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തനത്തിന്റെ മുൻനിരയിലുണ്ടായിരുന്നത്.
അക്ഷയശ്രീ മിഷന്റെ ജില്ലാ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുകയും അതേ വർഷം തന്നെ ആദ്യത്തെ അക്ഷയശ്രീ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഒരു വർഷത്തിനുള്ളിൽ ഈ പ്രദേശത്ത് 32 അക്ഷയശ്രീ യൂണിറ്റുകൾ രൂപീകരിക്കാൻ ഞങ്ങൾക്ക് സാധിച്ചു. നിലവിൽ 266 അംഗങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്. തുടർന്ന് ആറ് മുതൽ ഏഴ് അക്ഷയശ്രീകൾ ചേർന്ന് അവർ അഞ്ച് ക്ലസ്റ്ററുകൾ രൂപീകരിച്ച് ഓരോ ക്ലസ്റ്ററിൽ നിന്നും രണ്ട് മൂന്ന് അംഗങ്ങളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ചേർത്ത് 2020 ഓഗസ്റ്റിൽ മാറാട് അക്ഷയശ്രീ റീജിണൽ ഫെഡറേഷൻ സഹകാർ ഭാരതിയുടെ കീഴിൽ രജിസ്റ്റർ ചെയ്തു. സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരടങ്ങുന്ന 12 പ്രതിനിധികളാണ് ഫെഡറേഷനിലുള്ളത്, ജയദാസ് കെ.എസ് പറഞ്ഞു.
ഫെഡറേഷൻ രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ഞങ്ങളുടെ അംഗങ്ങൾക്ക് പ്രയോജനകരമായ എന്തെങ്കിലും ചെയ്യണമെന്നായി അടുത്ത ചിന്ത. അപ്പോഴാണ് സമൃദ്ധി സ്റ്റോർ രൂപീകരിക്കാനുള്ള ആശയം ഉണ്ടായത്. സൂപ്പർമാർക്കറ്റ് തുടങ്ങാൻ അക്ഷയശ്രീയിലെ ഇരുന്നൂറോളം പേർ 1000 രൂപ മുതൽ 50,000 രൂപ വരെ സംഭാവന നൽകിയിട്ടുണ്ട്. വിവിധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാനും സമൃദ്ധി സ്റ്റോറിലൂടെ വിൽക്കാനും ഞങ്ങൾ എല്ലാ അക്ഷയശ്രീകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
സൂപ്പർമാർക്കറ്റിൽ നിലവിൽ അഞ്ച് വനിതാ ജീവനക്കാരുണ്ട്, കൂടാതെ അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കമ്മിറ്റി അംഗങ്ങളും സജീവമാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ഇന്ന് പല അംഗങ്ങളുടേയും പ്രധാന വരുമാനമാണ്. പ്രതിദിനം 35,000 രൂപയുടെ വരെ വിൽപ്പനയാണ് സൂപ്പർമാർക്കറ്റിലുള്ളത്. അടുത്തതായി ഫെഡറേഷന്റെ കീഴിൽ ഉടൻ ഒരു സഹകരണ ബാങ്ക് രൂപീകരിക്കാനും പദ്ധതിയുണ്ടെന്നും ജയദാസ് കൂട്ടിച്ചേർത്തു.
തൃപ്പുണിത്തുറയിലെ സമൃദ്ധി സ്റ്റോർ
സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ഏറെ വളക്കൂറുള്ള കേരളത്തിൽ സംഘപരിവാർ നേതൃത്വത്തിലുള്ള സമൃദ്ധി സ്റ്റോറും വിജയത്തിലേക്ക് കുതിക്കുന്നത് അപൂർവ്വതയായി പറയാനാവില്ല. എന്നാൽ സംഘടനയെ അടിത്തട്ട് മുതൽ ശുദ്ധികലശത്തിനും പൊളിച്ചടക്കലുകൾക്കും വിധേയമാക്കിക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാവുമെന്ന ഉറച്ച തീരുമാനത്തിലാണ് സംഘപരിവാർ. കുടുംബശ്രീക്ക് ബദലായി കോൺഗ്രസ് ജനശ്രീ അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. എന്നാൽ ജനശ്രീ എന്ന രൂപത്തിൽ കോൺഗ്രസ് നടപ്പാക്കാൻ കഴിയാത്ത പാഠങ്ങൾ ആർഎസ്എസും ബിജെപിയും നടപ്പാക്കി കാണിക്കുമോ എന്ന് കാത്തിരുന്നറിയണം.കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുകേൾക്കുന്ന ഇത്തരം റിപ്പോർട്ടുകൾ വിജയത്തിലേക്കുള്ള സംഘപരിവാറിന്റെ ഫോർമുലയെ കൂടിയാണ് സൂചിപ്പിക്കുന്നത് എന്നുവേണം കണക്കുകൂട്ടാൻ.
വിവർത്തനം: അശ്വതി അനിൽ