തിരുവനന്തപുരം:ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര സർക്കാർ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങൾ ചെയ്തതു പോലെ കേരളവും നികുതി കുറക്കാൻ തയാറാകണം. അഞ്ചു വർഷത്തിനിടെ ഇന്ധന വിൽപനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ച കേരളം, നികുതി കുറച്ച് ജനങ്ങളെ സഹായിക്കണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നികുതിഭീകരതയാണ് നടപ്പാക്കുന്നത്. നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം. കേന്ദ്രം കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ. നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേന്ദ്രം കുറച്ചപ്പോൾ ഇവിടെയും കുറഞ്ഞില്ലേയെന്നാണ് ധനമന്ത്രി ചോദിക്കുന്നത്. ഈ വാദം നിരത്തി പാർട്ടിക്കാരെ പറ്റിക്കാം. ഞങ്ങളെ പറ്റിക്കാൻ പറ്റില്ല. കേന്ദ്രം കുറച്ചാൽ കുറയ്ക്കാമെന്ന നിലപാടിലായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്ക്. എന്നാൽ ഇപ്പോഴത്തെ ധനമന്ത്രി പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും നോക്കിയിരിക്കുകയാണ്. ഈ രണ്ടു സംസ്ഥാനങ്ങളും നികുതി കുറച്ചതോടെ മന്ത്രിയുടെ നോട്ടം മുകളിലേക്കായി. മുകളിലേക്ക് നോക്കി ഇരിക്കുകയല്ല, നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.
യു.പി.എ. സർക്കാർ വില നിർണയാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമെന്നു പറയുന്ന സി.പി.എമ്മും സർക്കാരും ബി.ജെ.പിയെ സഹായിക്കുകയാണ്. അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി പെട്രോൾ- ഡീസൽ വില നിശ്ചയിക്കാനുള്ള അധികാരമാണ് എണ്ണക്കമ്പനികൾക്ക് നൽകിയത്. അതനുസരിച്ചായിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്നതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുമായിരുന്നു. യു.പി.എയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തുന്ന വാദം മോദി സർക്കാരിനെ പരസ്യമായി സഹായിക്കുന്നതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാലുതവണ നികുതി കുറച്ചിട്ടുണ്ട്. യു.ഡി.എഫ്. ഭരണകാലത്ത് 493 കോടി രൂപ ലഭിച്ചപ്പോൾ അഞ്ച് വർഷം കൊണ്ട് എൽ.ഡി.എഫ്. അയ്യായിരം കോടി രൂപയിലധികമാണ് അധിക വരുമാനമുണ്ടാക്കിയത്. 500 കോടിയുടെ സ്ഥാനത്ത് അയ്യായിരം കോടി അധികമായി ലഭിച്ചിട്ടും നികുതി കുറയ്ക്കില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. അധികവരുമാനം പൂർണമായും ഉപേക്ഷിക്കണമെന്നല്ല പ്രതിപക്ഷം പറയുന്നത്. മത്സ്യത്തൊഴിലാളികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് ഇന്ധന സബ്സിഡി നൽകണം. മഹാമാരിക്കാലത്ത് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അവരെ സഹായിക്കണം. നികുതി കുറയ്ക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണം. അതല്ലെങ്കിൽ ജനകീയ സമരവുമായി യു.ഡി.എഫ്. മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കേന്ദ്രം നികുതി കുറയ്ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ. ബാബു പറഞ്ഞു. സർക്കാർ ഉലക്ക കൊണ്ടടിച്ചിട്ട് മുറം കൊണ്ടുവീശുകയാണ്. മറ്റു സംസ്ഥാനങ്ങൾ നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.ബാബു പറഞ്ഞു.
നികുതി കുറയ്ക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ നിയമസഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് നിന്നും സൈക്കിളിലാണ് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭയിലെത്തിയതും മടങ്ങിയതും.
content highlights:state shoud decrease fuel tax demand vd satheesan