തിരുവനന്തപുരം: നൈറ്റ് പട്രോളിങ്ങിനിടെ ഒരുമുഴം കയറിൽ ഒടുങ്ങുമായിരുന്ന ജീവൻ രക്ഷിക്കാനായതിന്റെ അഭിമാനത്തിലാണ് വെഞ്ഞാറമൂട് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ പോലീസിന് അഭിമാനിക്കാവുന്ന രക്ഷാപ്രവർത്തനം നടന്നത്. രാത്രി 12 മണിയോടെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് ടീം വേളാവൂർ പ്രദേശത്തുകൂടി കോലിയകോട് പരിസരത്തേക്ക് പോകവെയാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്.
വേളാവൂർ ജംഗ്ഷൻ കഴിഞ്ഞു പെട്രോൾപമ്പിന് തൊട്ടുമുന്നേ ആയി വലതുഭാഗത്ത് ഫർണിച്ചർ വിൽക്കുന്ന ഒരു കടയുടെ പരിസരത്താണ് ഒരാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സാമൂഹികവിരുദ്ധർ തമ്പടിക്കാൻ സാധ്യതയുള്ള പ്രദേശമെന്ന നിലയിൽ ജീപ്പിൽ ഉണ്ടായിരുന്ന എ.എസ്.ഐ പ്രസാദ് തന്റെ കയ്യിൽ ഉണ്ടായിരുന്ന ടോർച്ച് ഉപയോഗിച്ച് ചുറ്റും വീശി നോക്കി നിരീക്ഷിച്ചുകൊണ്ട് പോകവെയാണ് ഒരു മനുഷ്യരൂപം ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നിയത്.
ഉടൻതന്നെ വണ്ടി നിർത്തി ഇറങ്ങി അടുത്തേക്ക് ചെന്നപ്പോഴാണ് മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഒരു മനുഷ്യൻ കയറിൽ തൂങ്ങി മരണവെപ്രാളത്തോടെ കാലിട്ട് അടിക്കുന്നത് കണ്ടത്. ഉടൻതന്നെ എ.എസ്.ഐ പ്രസാദും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സി.പി.ഒ അശോക് ചേർന്ന് അയാളെ താങ്ങിനിർത്തി കയറിന്റെ കുരുക്കഴിച്ച് രക്ഷപ്പെടുത്തി തറയിൽ കിടത്തി. ആശുപത്രിയിൽ കൊണ്ടുപോകാനായി വെഞ്ഞാറമൂട് സ്നേഹസ്പർശം ആംബുലൻസിന്റെ ഡ്രൈവർ ജലീലിനെ വിളിച്ചുവരുത്തി. അപ്പോഴേക്കും ബോധം തിരികെ കിട്ടിയ ആത്മഹത്യ ചെയ്യാനെത്തിയ ആൾ ചാടി എഴുന്നേറ്റു.
കിളിമാനൂർ സ്വദേശിയായ വ്യക്തി കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യചെയ്യാനെത്തിയത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികൾ അല്ല, സ്വന്തം ഇഷ്ടപ്രകാരം മരണത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ താൻ തൂങ്ങി മരിക്കുന്ന ഈ കടക്കും മറ്റു വ്യക്തികൾക്കും തന്റെ മരണത്തിൽ പങ്കില്ല എന്നകുറിപ്പോട് കൂടിയായിരുന്നു അയാൾ എത്തിയിരുന്നത്. ബോധം വന്നതോടെ ചാടിയെഴുന്നേറ്റു പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് കാര്യങ്ങൾ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഒന്നും പ്രകടിപ്പിക്കാതിരുന്നതിനാൽ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നില്ല. സർക്കിൾ ഇൻസ്പെക്ടർ ഇയാളുടെ വീട്ടിൽ വിവരമറിയിക്കുകയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ആംബുലൻസ് ഡ്രൈവർ ജലീലിന്റെ സഹായത്തോടെ അദ്ദേഹത്തെ വീട്ടിൽ എത്തിക്കുകയുംചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:venjaramoodu police saves a life from suicide during night patrol