തിരുവനന്തപുരം: മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.
തമിഴിനാടിന് ടി.കെ.ജോസ് നൽകിയ മിനിട്സിൽ മരംമുറിക്ക്അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടും കേരളവുമായി നടത്തിയ ചർച്ചയുടെ മിനിട്സ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ഇന്നലെ മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്തത്. എന്നാൽ ബെന്നിച്ചൻ തോമസ് സർക്കാരിന് മുഖം രക്ഷിക്കാനുള്ള ഒരു ബലിയാടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്.
സെപ്തംബർ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായാണ് രേഖകളിലുള്ളത്. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ടി.കെ.ജോസ് തമിഴ്നാടിന്റെ അംഗീകാരത്തിന് അയച്ച മിനിട്സിൽ മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലെന്ന് വ്യക്തമാക്കുന്നു.
ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.വനം സെക്രട്ടറി തമിഴ്നാടുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉറപ്പ് നൽകിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്.
നവംബർ 2ന് ടി.കെ.ജോസ് മിനിട്സ് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നൽകിയത്.
മരം മുറി ഉത്തരവ് വിവാദമായപ്പോൾ സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തിന്റെ പകർപ്പും മാതൃഭൂമി ന്യൂസിന് ലഭിച്ചു. തമിഴ്നാടുമായി സെപ്തംബർ 17-ന് നടന്ന യോഗത്തിൽ മരം മുറിക്കാൻ ധാരണയായതായി കത്തിൽ പറയുന്നു. വിശദമായ ചർച്ചകൾക്ക് ശേഷം നടപടിക്രമങ്ങൾ പാലിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ തോമസിന്റെ വിശദീകരണം. റോഡ് നിർമാണം നടത്താതെ ഡാം ബലപ്പെടുത്താൻ കഴിയില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കത്തിൽ പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു.
Content Highlights:mullaperiyar tree cutting order came after officer level meeting says reports