കോഴിക്കോട്
പാണക്കാട് സാദിഖലി തങ്ങൾ പുതിയ അധികാരകേന്ദ്രമായി മാറുന്നതിൽ മുസ്ലിംലീഗിൽ അതൃപ്തി. എല്ലാ തീരുമാനത്തിലും സാദിഖലി കൈകടത്തുന്നെന്നും സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ നോക്കുത്തിയാക്കി കാര്യങ്ങൾ നിയന്ത്രിക്കുന്നെന്നുമാണ് വിമർശം. എംഎൽഎമാരടക്കം മുതിർന്ന നേതാക്കൾ ഇതിൽ അസ്വസ്ഥരാണ്.
ഏറ്റവുമൊടുവിൽ വയനാട്ടിലെ പ്രളയഫണ്ട് പരാതിയോടെയാണ് അതൃപ്തി പരസ്യമായത്. പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി അയച്ച ലീഗ് വയനാട് ജില്ലാ കമ്മിറ്റിയംഗം സി മമ്മിക്ക് മറുപടിയായി ലഭിച്ചത് സസ്പെൻഷൻ. നടപടിക്ക് പിന്നിൽ സാദിഖലിയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കും തെറ്റായ പ്രവണതകൾക്കും ഇദ്ദേഹം കുടപിടിക്കുന്നതായാണ് ആരോപണം. അഴിമതിയിൽ പങ്കുള്ളവർ നേതൃത്വത്തെ സ്വാധീനിച്ചെന്ന ചർച്ച ലീഗ് സൈബർ ഗ്രൂപ്പുകളിൽ സജീവമാണ്.
‘ഹരിത’യിൽ തുടങ്ങിയ സ്വാധീനം
സാദിഖലി ശിഹാബ് തങ്ങളുടെ ശൈലിക്കെതിരെ ലീഗിൽ കുറേയായി അമർഷം നീറിപ്പുകയുകയാണ്. അധികാരപ്രയോഗത്തിന്റെ ആദ്യ ഇരകളായത് ഹരിത പ്രവർത്തകർ. ലൈംഗികാധിക്ഷേപ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ സംരക്ഷകൻ സാദിഖലിയാണെന്ന് ഹരിത മുൻ ഭാരവാഹികൾ പരസ്യമായി പറഞ്ഞിരുന്നു. ഒത്തുതീർപ്പ് അട്ടിമറിച്ച് ഫാത്തിമ തെഹ്ലിയയടക്കം ഹരിത നേതാക്കളെ ഒതുക്കിയതിന് പിന്നിലും അദ്ദേഹമാണെന്ന് പരാതി ഉയർന്നു. ചന്ദ്രിക പത്രത്തിലെ അഴിമതി പുറത്തുപറഞ്ഞ പാണക്കാട് മുഈൻ അലി തങ്ങളെ മൂലക്കിരുത്താനും കൂട്ടുനിന്നു.
അസുഖബാധിതനായ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ ഇപ്പോൾ സജീവമല്ല. ഇത് മറയാക്കി പ്രധാന തീരുമാനമെല്ലാം സാദിഖലിയാണ് എടുക്കുന്നത്. യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹി നിർണയത്തിലും കൈകടത്തലുണ്ടായി. അമിതാധികാര പ്രവണത അനുവദിക്കാനാകില്ലെന്ന് സംസ്ഥാന ഭാരവാഹികൾക്കും അഭിപ്രായമുണ്ട്. ഈ അവസ്ഥയിൽ സാദിഖലി പ്രസിഡന്റായാൽ ലീഗ് രാഷ്ട്രീയത്തിന് മീസാൻകല്ല് വയ്ക്കലാകുമെന്ന വികാരം നവമാധ്യമങ്ങളിലൂടെ പ്രവർത്തകർ പങ്കിടുന്നു.















