കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് കോഴനൽകിയെന്ന കേസിൽ തന്റെ ശബ്ദം കേന്ദ്രസർക്കാർ ലാബിൽ പരിശോധിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഹർജി കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെതാണ് നടപടി. സംസ്ഥാനത്ത് എൽഡിഎഫ് ഭരണമായതിനാൽ പരിശോധനാഫലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചില്ല.
കേസ് രാഷ്ട്രീയപ്രേരിതമല്ല, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാന ലാബിലെ പരിശോധനയിൽ രാഷ്ട്രീയം കണ്ടാൽ കേന്ദ്രലാബിനെതിരെയും അത്തരം ആരോപണം ഉയരുമെന്ന അന്വേഷക സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു.
സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴനൽകിയെന്ന കേസിലാണ് അന്വേഷണം. സുരേന്ദ്രനാണ് ഒന്നാംപ്രതി. കേസിലെ മുഖ്യസാക്ഷി ജെആർപി ട്രഷറർ പ്രസീത അഴീക്കോടുമായി മുമ്പ് സുരേന്ദ്രൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദസാമ്പിൾ കാക്കനാട് ചിത്രാഞ്ജലി ലാബിൽ പരിശോധിച്ചു.
കുരുക്ക് മുറുകുമെന്ന് കണ്ടതോടെയാണ് ശബ്ദ സാമ്പിൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. ചിത്രാഞ്ജലി ലാബിൽ പരിശോധിച്ച ശബ്ദസാമ്പിൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കാനുള്ള നടപടി പൂർത്തിയാകുമ്പോഴായിരുന്നു തടസ്സപ്പെടുത്താനുള്ള നീക്കം.















