കൊച്ചി
ബുധനാഴ്ചകളിൽ സർക്കാർ ജീവനക്കാരും എംഎൽഎമാരും കൈത്തറി വസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദേശം കൈത്തറി മേഖലയ്ക്ക് പുത്തനുണർവായി. കോവിഡ് മൂലം രണ്ടുവർഷത്തെ ഓണം, വിഷു വിപണി നഷ്ടമായി കൈത്തറിമേഖല വൻ പ്രതിസന്ധിയിലായിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെയ്ത്തു സംഘങ്ങളും വ്യവസായികളും.
കൂടുതൽ ഉൽപ്പന്നം വിറ്റഴിക്കാനും അതുവഴി തൊഴിലവസരം വർധിപ്പിക്കാനും സർക്കാർ നടപടി വഴിയൊരുക്കുമെന്ന് ഹാൻടെക്സ് ബോർഡ് അംഗം ടി എസ് ബേബി പറഞ്ഞു. കോവിഡ് കാലത്തിനുമുമ്പ് 36 കോടി രൂപയായിരുന്നു ഹാൻടെക്സിന്റെ വാർഷിക വിറ്റുവരവ്. എന്നാൽ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയശേഷം 13 കോടിയായി. പ്രശസ്തമായ ചേന്ദമംഗലം കൈത്തറിയുടെ പല ഉൽപ്പാദന യൂണിറ്റുകളും കടുത്ത പ്രതിസന്ധി നേരിട്ടു. സർക്കാർ നിർദേശം പൊതുസമൂഹം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ടി എസ് ബേബി പറഞ്ഞു.
സർക്കാർ നിർദേശം വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുമെന്ന് കുത്താമ്പുള്ളി കൈത്തറി വ്യവസായി എ സുബ്രഹ്മണ്യൻ പറഞ്ഞു. കോവിഡ് കാലത്ത് കൈത്തറി ഉൽപ്പാദന, വിപണന യൂണിറ്റുകൾ അടച്ചിടേണ്ടിവന്നു. ഇത് വലിയ തിരിച്ചടിയായി. കഴിഞ്ഞ ഓണത്തിനുശേഷമാണ് വിപണി ചലിച്ചുതുടങ്ങിയത്. സർക്കാർ നടപടി കുത്താമ്പുള്ളി കൈത്തറിമേഖലയ്ക്കു പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വിപണിക്ക് ഏറെ ഗുണപ്രദമായ നിർദേശമാണ് സർക്കാരിന്റേതെന്ന് നേമം വെസ്റ്റ് 68 കൈത്തറി സഹകരണ സംഘം സെക്രട്ടറി എസ് പ്രേംലാൽ പറഞ്ഞു. പ്രശസ്തമായ ബാലരാമപുരം കൈത്തറി യൂണിറ്റുകൾ കോവിഡ് കാലത്ത് അടച്ചു. സർക്കാർ ജീവനക്കാർ കൈത്തറി വാങ്ങിയാൽ കൂടുതൽപേർക്ക് തൊഴിലും വരുമാനവുമുണ്ടാകും. സ്കൂളുകളിൽ കൈത്തറി യൂണിഫോമിനുള്ള ഓർഡർ ലഭിക്കുന്നതും ഗുണകരമാണ്.















