കൊച്ചി
ദ്വീപുനിവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്ന കരിനിയമങ്ങൾക്കു പിന്നാലെ ലക്ഷദ്വീപിലേക്കുള്ള കപ്പലിലെ യാത്രാ, ചരക്കുകൂലികൾ കുത്തനെ കൂട്ടി. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുന്നതിനുള്ള നിരക്ക് മൂന്നിരട്ടിയാക്കി.
ഗുരുതരാവസ്ഥയിലാകുന്ന രോഗിയെയും കൂടെ രണ്ടുപേരെയും ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ 15,000 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 50,000 രൂപയാക്കി. എല്ലാ അവശ്യസാധനങ്ങളും വൻകരയിൽനിന്നുവരുന്ന ദ്വീപിൽ, ചരക്കുകൂലിവർധന വിലക്കയറ്റം രൂക്ഷമാക്കും. കൊച്ചി–-കവരത്തി രണ്ടാംക്ലാസ് യാത്രാനിരക്ക് 650 രൂപയിൽനിന്ന് 1300 രൂപയായും ഫസ്റ്റ് ക്ലാസ് നിരക്ക് 2340 രൂപയിൽനിന്ന് 3510 രൂപയുമായാണ് വർധിപ്പിച്ചത്. ഡോർമിറ്ററിപോലുള്ള ബങ്ക് ക്ലാസ് ടിക്കറ്റ് നിരക്കും 220 രൂപയിൽനിന്ന് 330 ആയി ഉയർത്തി.
വിനോദസഞ്ചാരികൾക്കുള്ള കൊച്ചി–-കവരത്തി സെക്കൻഡ് ക്ലാസ് നിരക്ക് 1270 രൂപയിൽനിന്ന് 3810 രൂപയാക്കി. ഫസ്റ്റ് ക്ലാസ് നിരക്ക് 3380 രൂപയിൽനിന്ന് 5820 രൂപയാക്കി. ബങ്ക് ക്ലാസ് നിരക്ക് 500 രൂപയിൽനിന്ന് 1500 രൂപയാക്കി. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിന് മെട്രിക് ടണ്ണിന് 650 രൂപയായിരുന്നത് 1200 രൂപയാക്കി.
പഞ്ചായത്തുകളുമായോ ദ്വീപുകളിലെ ട്രാൻസ്പോർട്ട് കമ്മിറ്റിയുമായോ ആലോചിക്കാതെ അഡ്മിനിസ്ട്രേഷനു കീഴിലുള്ള ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പാണ് നിരക്ക് വർധിപ്പിച്ച് ഉത്തരവിറക്കിയത്.
ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് ദ്വീപുകളിലേക്കുള്ള യാത്രാ, ചരക്കുകൂലികളും വർധിപ്പിച്ചു. വർധന പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ നിവേദനം നൽകി.















