ന്യൂഡൽഹി
രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി. പൗരൻമാരുടെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാകണം സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കേണ്ടതെന്ന് ഐടി സഹമന്ത്രി രാജീവ്ചന്ദ്രശേഖർ പറഞ്ഞു. ഇതിനു സഹായകമായ രീതിയിലുള്ള നിയമമാകും രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
‘ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സുരക്ഷ നൽകുന്നതും വിശ്വസിക്കാൻ പറ്റുന്നതുമായ ഒരിടമായി മാറണം. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടനിലക്കാർക്ക് ഉത്തരവാദിത്വമുണ്ടാകണം. സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ ആവശ്യമായ സംവിധാനം ഉണ്ടാകണം’–- ടൈംസ് നൗ സമ്മിറ്റിൽ മന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ സുരക്ഷയുടെ താൽപ്പര്യങ്ങൾ മുൻനിർത്തി നിയമപരമായ നിരീക്ഷണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. പെഗാസസ് ചാരവൃത്തിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണമായിരുന്നു ഇത്.















