പത്തനംതിട്ട
ശബരിമലയിൽ ഒരുദിവസം മുപ്പതിനായിരംപേരെ മാത്രമേ ദര്ശനത്തിന് അനുവദിക്കൂ. കോവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണം. കോവിഡ് പരിശോധനാരേഖകളും നിര്ബന്ധമാക്കും. അതോടൊപ്പം വെര്ച്ച്വല്ക്യൂവിന് ബുക്ക് ചെയ്തവരുടെ അഭാവത്തില് മറ്റു തീര്ഥാടകർക്ക് ദര്ശനത്തിന് അവസരംനല്കാന് സ്പോട്ട് ബുക്കിങ് സംവിധാനം ഒരുക്കും. ഇതിന് നിലയ്ക്കലില് അഞ്ച് കൗണ്ടറുകള് തുടങ്ങും. ദിവസവും രാവിലെമുതല് ഇവ പ്രവര്ത്തിക്കും.
തീര്ഥാടകര് രണ്ടു ഡോസ് വാക്സിന് എടുത്തതിന്റെയോ 72 മണിക്കൂര്മുമ്പ് ആര്ടിപിസിആര് എടുത്തതിന്റെയോ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. തിരിച്ചറിയലിന് വോട്ടര് ഐഡിയോ ആധാര് കാര്ഡോ വേണം. ഇത് പരിശോധിക്കാന് നിലയ്ക്കലും പമ്പയിലും പ്രത്യേക കൗണ്ടറും സജ്ജീകരിക്കും.
വളരെ അത്യാവശ്യം വേണ്ട നിര്മാണപ്രവര്ത്തനം മാത്രമെ പമ്പയിലും സന്നിധാനത്തുമായി ഇക്കുറി നടത്തുന്നുള്ളു. വിരിവയ്ക്കാന് അനുവാദമില്ല. അത്യാവശ്യം താമസസൗകര്യത്തിന് സജ്ജീകരണം ഒരുക്കുന്നുണ്ട്. പമ്പയില്നിന്ന് പരമ്പരാഗത പാതയിലൂടെയുള്ള യാത്ര ഇത്തവണയും അനുവദിക്കില്ല. സ്വാമി അയ്യപ്പന് റോഡിലൂടെ മാത്രമെ സന്നിധാനത്തേക്ക് പോകാന് അനുവദിക്കു.
പമ്പമുതല് സന്നിധാനംവരെ സ്വാമിഅയ്യപ്പന് പാതയില് എല്ലാ ചികിത്സാ സംവിധാനവും ആരോഗ്യവകുപ്പ് ഒരുക്കും. കുടിവെള്ളത്തിന് വിപുലമായ സൗകര്യം ഒരുക്കുന്നുണ്ട്. ഔഷധക്കൂട്ട് ചേര്ത്ത കുടിവെള്ളം കുപ്പിയില് നിറച്ച് പമ്പയിലും സ്വാമി അയ്യപ്പന് റോഡിലെ വിവിധ മേഖലകളിലും വിതരണംചെയ്യും. ഒരു കുപ്പിക്ക് 200 രൂപവീതം ഈടാക്കും. മലയിറങ്ങുന്ന അവസരത്തില് കുപ്പി ഏല്പ്പിച്ചാല് പണം തിരികെനല്കും. തീര്ഥാടകര് സ്വന്തമായി സ്റ്റീല് ഗ്ലാസ് കരുതുന്നത് കൂടുതല് സൗകര്യപ്രദമാകുമെന്നും ദേവസ്വം അധികൃതര് പറഞ്ഞു.
അപ്പവും അരവണ ആവശ്യത്തിന് തയ്യാറാക്കും
ശബരിമലയില് വൃശ്ചിക മാസ തീര്ഥാടനത്തിന് മുന്നോടിയായി അപ്പം അരവണ നിര്മാണത്തിന് ആവശ്യമായ സാധനസാമഗ്രികള് എത്തിതുടങ്ങി. അപ്പം നിര്മാണം 13നും അരവണ നിര്മാണം 11നും ആരംഭിക്കും. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ദേവസ്വം ബോര്ഡിന്റെ നേതൃത്വത്തില് 24 മണിക്കൂറും അന്നദാനം ഉണ്ടാകും.
തീര്ഥാടകരുടെ സ്വകാര്യ വാഹനങ്ങള്ക്ക് നിലയ്ക്കല്വരെ മാത്രമെ പ്രവേശനം അനുവദിക്കൂ. അവിടെനിന്നും കെഎസ്ആര്ടിസി ബസ് സര്വീസ് ഉണ്ടാകും. ഇതിന് വിപുലമായ സംവിധാനം കോര്പറേഷന് ഒരുക്കുന്നുണ്ട്.















