കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. ഏറെ സ്വാധീനിച്ച പല സിനിമാ രംഗങ്ങളും മലയാളിയുടെ മനസില്‍ എന്നും തങ്ങിനില്ക്കാറുണ്ട്. . ഇത്തരം സിനിമാ ഗൃഹാതുര ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.
‘കിരീടം’ സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്ഭലമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ‘ബോംബെ’ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതി. സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു വകുപ്പുകളും ചേര്‍ന്ന് ഉടന്‍ തന്നെ സിനിമാടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചു. മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് പങ്കുവെക്കാമെന്നും മന്ത്രി റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.